Thursday 16 September, 2010


1955 ഫെബ്രുവരി 28- മാര്‍ച്ച്‌ 9
യാതൊരാഹാരവും കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്‌തിരുന്നില്ല ഞാന്‍. ഒന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കുക. അതാണു നല്ലത്‌ പക്ഷേ ചിന്തകള്‍ അടക്കിവെക്കാന്‍ കഴിയാതെയായി. ശരീരം അവിടവിടെ പൊട്ടിവേദനിച്ചു. തീപ്പൊള്ളല്‍ പോലെ കുമിളകളുണ്ടായി. ശ്വാസകോശത്തില്‍ ചൂട്‌ കയറിയാല്‍ അത്‌ അപടകമാവും. പക്ഷേ അതെങ്ങനെ ഒഴിവാക്കും. ഷര്‍ട്ടൂരി അരയില്‍ ചുറ്റി. അത്‌ നനഞ്ഞിരുന്നു. ദിവസങ്ങളോളം ജലപാനമില്ലാതിരുന്നതുകൊണ്ട്‌ ശരീരത്തില്‍ വിയര്‍പ്പുണ്ടായിരുന്നില്ല. തൊണ്ടയിലും നെഞ്ചിലും ശക്‌തിയായ വേദന തോന്നി. തോളെല്ലുകളും ശക്തിയായി വേദനിച്ചു. ദാഹം അനിയന്ത്രിതമായി. അല്‌പം കടല്‍വെള്ളം കുടിക്കുകതന്നെ ചെയ്‌തു. പക്ഷേ ദാഹം വര്‍ധിക്കുകയല്ലാതെ കുറഞ്ഞില്ല.

(കപ്പല്‍ച്ചേതം വന്ന ഒരു നാവികന്റെ കഥ- ഗബ്രിയേല ഗാര്‍ഷ്യ മാര്‍ക്വിസ്‌)

കപ്പല്‍ച്ചേതം വന്ന ഒരു മീന്‍പിടുത്തക്കാരന്റെ കഥ

2004 ഏപ്രില്‍ 14 ബുധന്‍

കോഴിക്കോടിനടുത്തുള്ള ബേപ്പൂര്‍ തുറമുഖം. കടലോരം അന്ന്‌ പകല്‍മുഴുവന്‍ വിഷു ആഘോഷിക്കുന്ന തിരക്കിലായിരുന്നു. രാത്രി ഏറെ വൈകിയും അവിടവിടെ നിന്ന്‌ പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കടല്‍ക്കാറ്റില്‍ അലിഞ്ഞുചേര്‍ന്നു.
കടലിന്റെ മണമുള്ള ശരീരവുമായി ആറു ചെറുപ്പക്കാര്‍ അന്നേരം തീരത്ത്‌ ഒത്തുചേര്‍ന്നു. അവര്‍ തമ്മില്‍തമ്മില്‍ സംസാരിച്ച ഭാഷയ്‌ക്ക്‌ തമിഴിന്റെ ഈണമുണ്ടായിരുന്നു. കന്യാകുമാരി ജില്ലയിലെ തേങ്ങാപട്ടണം എന്ന്‌ കടലോര ഗ്രാമത്തില്‍ നിന്നും തൊഴില്‍തേടി മലബാറിന്റെ പെരുമകേട്ട തുറമുഖത്തെത്തിച്ചേര്‍ന്നതായിരുന്നു അവരില്‍ മൂന്നുപേര്‍. ബാക്കിയുള്ളവര്‍ കന്യാകുമാരി ജില്ലയില്‍തന്നെയുള്ള കുളച്ചല്‍ സ്വദേശികള്‍. പേരുപറയുകയാണെങ്കില്‍ അലക്‌സാണ്ടര്‍ എന്നുവിളിക്കുന്ന വലിയപ്പ, മരിയജോണ്‍, വിജയന്‍, സഹായ്‌ രാജ്‌, ജോണ്‍ പിന്നെ ജോണിന്റെ അനിയന്‍ ആന്‍ഡ്രൂസും.
തുറമുഖത്ത്‌ ഡീസല്‍ നിറഞ്ഞ വയറുമായി റിയാഫത്ത്‌ എന്ന മീന്‍പിടുത്ത ബോട്ട്‌ അവരെക്കാത്ത ഇരുട്ടില്‍ മയങ്ങിക്കിടന്നിരുന്നു. ആറുപേര്‍ ഓരോരുത്തരായി ബോട്ടിലേക്ക്‌ കയറി. നാട്ടില്‍ ഈസ്‌റ്റര്‍ ആഘോഷിച്ച്‌ തിരിച്ചുവന്നതിന്റെ സന്തോഷം അവരുടെ മുഖത്തും വാക്കുകളിലും അവശേഷിച്ചിരുന്നു. 35 കാരനായി ജോണ്‍ ആയിരുന്നു സ്രാങ്ക്‌. ജോണ്‍ എഞ്ചിന്‍ സ്‌റ്റാര്‍ട്ടുചെയ്‌തു. തിരമാലകളുടെ തള്ളലില്‍ ഒന്നുലഞ്ഞുകൊണ്ട്‌ ബോട്ട്‌ പടിഞ്ഞാറേക്ക്‌ തിരിഞ്ഞു.

2004 ഏപ്രില്‍ 18 ഞായറാഴ്‌ച

സമയം ഉച്ചയോടടുക്കുന്നു. ഏകദേശം 11 മണി. ബേപ്പൂര്‍ തുറമുഖത്തുനിന്ന്‌ മീന്‍ തേടി കടലിലേക്ക്‌ പോയ ത്രീസ്‌റ്റാര്‍ എന്ന ബോട്ട്‌ പതിവില്ലാത്ത വേഗതയിലും പരിഭ്രാന്തിയിലും തുറമുഖത്തേക്ക്‌ പഞ്ഞുവരുന്നു. ബോട്ടില്‍ നിന്ന്‌ ചാടിയിറങ്ങിയ മത്സ്യത്തൊഴിലാളികളുടെ കൈയില്‍ ഒരു മനുഷ്യന്‍ കുഴഞ്ഞ്‌ കിടന്നിരുന്നു. ഇടതുകൈയില്‍ തീപ്പൊള്ളലേറ്റതുപോല പഴുത്തുകിടക്കുന്ന ഒരു മുറിവ്‌. കണ്ണുകള്‍ വീര്‍ത്ത്‌, ചുണ്ടുകള്‍ വിണ്ടുകീറി, ശരീരത്തിലപ്പോഴും ജീവന്റെ നേര്‍ത്ത മിടിപ്പുകള്‍ അവശേഷിപ്പിച്ചുകൊണ്ട്‌ .... ജോണ്‍.
അടുത്തുപരിചയമുള്ളവര്‍ക്കുപോലും അത്‌ ജോണാണെന്ന്‌ പറയാന്‍ വിഷമം. എങ്കിലും ചിലര്‍ തിരിച്ചറിഞ്ഞു. ഉടനെ ഒരു വാഹനം ജോണിനെയുംകൊണ്ട്‌ ആശുപത്രിയിലേക്ക്‌ കുതിച്ചു.

ബോധം തിരിച്ചുകിട്ടിയപ്പോള്‍ ജോണ്‍ ചുറ്റും കൂടിനിന്നവരോട്‌ ആ സ്‌ത്യം പറഞ്ഞു. കടലില്‍ വെച്ച്‌ ഒരു ചരക്കുകപ്പലുമായി കൂട്ടിയിടിച്ച്‌ റിയാഫത്ത്‌ മുങ്ങിയിരിക്കുന്നു. ഓരോ യാത്രക്കുശേഷം മീന്‍നിറഞ്ഞ പിന്‍വശം വെള്ളത്തില്‍ താഴ്‌ത്തി്‌ ഒരു വിജയിയേപ്പോലെ തലയുയര്‍ത്തിപ്പിടിച്ച്‌ റിയാഫത്ത്‌ കരയിലേക്ക്‌ ഇനിയൊരിക്കലും തിരിച്ചുവരില്ല. അറബിക്കടലിന്റെ പരപ്പുകളിലെവിടെയോ അത്‌ ചെറിയ പലകകളായി ഒഴുകിനടക്കുന്നുണ്ട്‌. ....വെറും പലകക്കഷ്‌ണങ്ങള്‍.

ഏപ്രില്‍ 20 ചൊവ്വ
ആശുപത്രിക്കിടക്കയില്‍ ജോണ്‍ എഴുന്നേറ്റിരിക്കുന്നു. കണ്ണുകള്‍ തെളിഞ്ഞിട്ടുണ്ട്‌. എങ്കിലും പോളകളില്‍ ക്ഷീണത്തിന്റെ അവശേഷിപ്പുകള്‍. ഇടതുകൈയില്‍ ബാന്‍ഡേജ്‌. ചുറ്റുകൂടിനില്‌ക്കുന്ന ബന്ധുക്കളുടെ തമിഴ്‌പേച്ച്‌ മുറി മുഴുവന്‍ നിറഞ്ഞുനില്‌ക്കുന്നു.വലിയപ്പ വലിയപ്പ എന്ന പേര്‌ സംഭാഷണങ്ങളില്‍ നിന്ന്‌ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്‌. ജോണിനൊപ്പം അപടത്തില്‍പെട്ട വലിയപ്പയെ ഒരു ചരക്കുകപ്പലിലുള്ളവര്‍ രക്ഷപ്പെടുത്തി കൊച്ചിയി
ലെ ഒരു ആശുപത്രിയിലെത്തിച്ച വാര്‍ത്തയുമായാണ്‌ അ്‌ന്നത്തെ പത്രങ്ങള്‍ പുറത്തിങ്ങിയിരിക്കുന്നത്‌.

" എന്ന സമാചാരം" ജോണ്‍ ചെന്നപാടെ ചോദിച്ചു. " ഏതാവത്‌ വിവരം കെടച്ചതാ"?
കടലില്‍ തിരച്ചില്‍ തുടരുന്ന മുപ്പതോളം ബോട്ടുകളിലാണ്‌ ആശുപത്രിയില്‍ കൂടിയിരിക്കുന്നവര്‍ക്കും പ്രതീക്ഷ. കടലില്‍ പോയ ആറുപേരില്‍ ആകെ മരിച്ചു എന്നുറപ്പിക്കാവുന്നത്‌ ജോണിന്റെ സഹോദരന്‍ ആന്‍ഡ്രൂസ്‌ ആണ്‌. ജോണി്‌ന്റെ കൈകളില്‍ കിടന്നാണ്‌ ആന്‍ഡ്രൂസ്‌ മരിച്ചത്‌. ബാക്കിയുള്ളവര്‍ എവിടെ?

മറുപടി പറയാതെ അല്‌പനേരം മിണ്ടാതിരുന്നു. ബന്ധുക്കളുടെ തിരക്ക്‌ അല്‌പമൊന്ന്‌ കുറഞ്ഞപ്പോള്‍ ജോണ്‍ പറഞ്ഞുതുടങ്ങി.

13 വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ തൊഴില്‍തേടി തേങ്ങാപട്ടണത്തുനിന്ന്‌ ബേപ്പൂരിലെത്തുന്നത്‌. നാട്ടിലും കടല്‍പ്പണി തന്നെയാണ്‌. കട്ടമരത്തിലും തോണിയിലും കിട്ടുന്ന എന്തിലും കടലില്‍പോകും. ബേപ്പൂരിലെത്തിയ ശേഷം ബോട്ടോടിക്കാന്‍ പഠിച്ചു. ജോണ്‍ അങ്ങനെയാണ്‌ സ്രാങ്ക്‌ ജോണായത്‌. ഇതിനിടയില്‍ അനിയന്‍ ആന്‍ഡ്രൂസും കൂടെ ബേപ്പൂരിലേക്ക്‌ പോന്നു. ഇവിടെ ലോഡ്‌ജില്‍ താമസം., ഭക്ഷണം, കടലില്‍ പോയാല്‍ ഒരാഴ്‌ച കഴിയും മടങ്ങിവരാന്‍. ഇതിനിടയില്‍ വെപ്പും തീനുമെല്ലാം ബോട്ടില്‍തന്നെ. മീന്‍ കിട്ടുന്നതിനനുസരിച്ചാണ്‌ കുലിയും. " നല്ല ക്യാച്ച്‌ കിടച്ചാല്‍ ജാസ്‌തി പണവും കിടയ്‌ക്കും" ഈസ്റ്റവും വിഷുവും ആഘോഷിച്ച്‌ ബോട്ടില്‍ കയറിയതായിരുന്നു. ബേപ്പൂര്‌ നിന്ന്‌ കൂടുതല്‍ വടക്കോട്ടാണ്‌ ബോട്ടിന്റെ യാത്ര നിശ്ചയിച്ചിരുന്നത്‌. രണ്ടുദിവസത്തെ മീന്‍പിടുത്തം കഴിഞ്ഞപ്പോഴേക്കും ബോട്ട്‌ തലശ്ശേരി കടപ്പുറത്തുനിന്ന്‌ ഏകദേശം60 കിലോമീറ്റര്‍ ഉള്ളിലെത്തിയിരുന്നു.

ഏപ്രില്‍ 16 വെള്ളിയാഴ്‌ച
അന്ന്‌ പകല്‍ മുഴുവന്‍ നല്ല അധ്വാനമായിരുന്നു. മോശം പറയാത്ത രീതിയില്‍ മീന്‍ വലയില്‍ കയറിക്കൊണ്ടിരുന്നു. രാത്രി കുറെ വൈകിയും വലയിട്ടിരുന്നു. നല്ല ക്ഷീണമുള്ളതുകൊണ്ട്‌ പതിവു സംഭാഷണങ്ങള്‍ക്കൊന്നും നില്‌ക്കാതെ അത്താഴം കഴിഞ്ഞതും എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി ഇടയ്‌ക്കൊന്ന്‌ എണീറ്റ്‌ സമയം നോക്കിയെന്നുതോന്നുന്നു. 12 മണി കഴിഞ്ഞുകാണണം. ഒരുപൊട്ടിത്തെറി ശബ്ദത്തോടൊപ്പം തെറിച്ചുപോകുന്നതാണ്‌ ഓര്‍മ്മ. കണ്ണുതുറന്നപ്പോള്‍ വെള്ളത്തില്‍കിടക്കുകയാണ്‌. ഒരു വലിയ കപ്പലിന്റെ രൂപം അകന്നുപോകുന്നു. കപ്പല്‍പോയതോടെ കടലില്‍ കുറ്റാക്കൂരിരുട്ടായി. വെള്ളത്തിന്റെ അല നിന്നപ്പോള്‍ തകര്‍ന്ന ബോട്ടിനെ ലക്ഷ്യമാക്കി തിരിച്ചുനീന്തി. ആദ്യം കൈയില്‍കിട്ടിയ കമ്പിയില്‍ കയറിപ്പിടിച്ചു. കപ്പലില്‍ ഉരഞ്ഞതുകൊണ്ടാകണം ആ കമ്പി ചുട്ടുപഴുത്തു നില്‌ക്കുകയായിരുന്നു. കൈയില്‍ നിന്ന്‌ തൊലിയടക്കം പൊള്ളിമാറി. വലിയപ്പയൊഴിച്ച്‌ എല്ലാവരും പലയിടത്തുനിന്നായി പൊ്‌ന്തിവന്നു. കപ്പലിന്റെ ഇടിയില്‍ എല്ലാവര്‍ക്കും നല്ല പരുക്കുണ്ടെന്ന്‌ കരച്ചിലിലും നിലവിളിയിലും നിന്ന്‌ മനസ്സിലായി. ആന്‍ഡ്രൂസിന്റെ അവശത നിറഞ്ഞ്‌ ശബദം അടുത്തുനിന്ന്‌ വീണ്ടും ഉയര്‍ന്നു. അടുത്തെത്തി പിടിച്ചതും ഒരു ഞരക്കം മാത്രം. പിന്നെ അവന്‍ അനങ്ങിയില്ല. കുറെ നേരം മനസ്സ്‌ മരവിച്ചുപോയി. എങ്കിലും ആന്‍ഡ്രൂസിന്റെ ശരീരിത്തില്‍ നിന്ന്‌ പിടിവിടാതെ ബോട്ടിന്റെ പലകകളില്‍ പിടിച്ച്‌ ഇരുട്ടിലേക്ക്‌ പകച്ചുനോക്കി അങ്ങനെ .... കുറച്ചുകഴിഞ്ഞപ്പോള്‍ അവന്റെ ശരീരം തണുത്തുവന്നു. മരിച്ചു എന്നുറപ്പായപ്പോള്‍ ഷര്‍്‌ട്ടൂരി ജഡം പുറത്തുകെട്ടിവെച്ചു. അങ്ങനെ ഏകദേശം നാലുമണിക്കൂറോളം നീന്തി. കൈകള്‍ തളര്‍ന്ന്‌ ഒരു മുങ്ങിമരണം അതിന്റെ എല്ലാ സാധ്യതകളുമായി മുന്നില്‍ നി്‌്‌ന്നപ്പോള്‍ ആന്‍ഡ്രൂസിന്റെ ശരീരംകെട്ടഴിച്ചു. അവസാനമായി അവന്റെ മുഖത്ത്‌ വലംകൈകൊണ്ട്‌ തഴുകി കൈവിട്ടു. ഇതിനിടയില്‍ ഓരോരുത്തരുടെ ശബ്ദമായി കേള്‍ക്കാതെയായി.

ഏപ്രില്‍ 17 ശനി
പ്രഭാത രശ്‌മികള്‍ കടലിനുമുകളില്‍ തെളിഞ്ഞുവന്നപ്പോള്‍ ഓളപ്പരപ്പില്‍ മറ്റാരുമില്ല. നോക്കെത്താദൂരത്ത്‌ ഇളകിമറിയുന്ന ജലം മാത്രം. ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ നീന്താന്‍ എല്ലാവരും പരസപരം വിളിച്ചുപറഞ്ഞതാണ്‌ . എന്നാലും വെളിച്ചം വന്നപ്പോള്‍ ആരെയെങ്കിലും കാണുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വെയിലിന്‌ ചൂടേറി വന്നു. ചുണ്ടുകള്‍ വരണ്ടുണങ്ങി. ദാഹം ഹൃദയത്തിനകത്തുനിന്ന്‌ പുറപ്പെടുന്ന ഒരു വികാരമായി കടല്‍ക്കാറ്റിനൊപ്പം വട്ടം കറങ്ങി. ഉപ്പുവെള്ളം തട്ടി കൈവള്ളയിലെ മുറിവ്‌ നീറിപ്പുകഞ്ഞു.

കടല്‍വെള്ളം കുടിച്ചോ?
ഒരു തുള്ളിപോലും കുടിച്ചില്ല. ഉപ്പ്‌ താനേ... ഉപ്പ്‌ ചെന്നല്‍ താഹം കൂടുതല്‍ വരും"
പ്രത്യേകിച്ചൊന്നും സംഭവിക്കാതെ മണിക്കൂറുകള്‍ കടന്നുപോയി. കടലിന്റെ ഏതെങ്കിലും അതിരുകളില്‍ നിന്ന്‌ പ്രത്യക്ഷപ്പെടുന്ന ബോട്ടോ കപ്പലുകളോ നോക്കി കണ്ണുകഴച്ചു. പ്രതീക്ഷ നഷ്ടപ്പെട്ടുതുടങ്ങി.
ഉച്ചയായപ്പോള്‍ ചക്രവാളത്തിന്റെ അതിരില്‍ ഒരു കറുത്തപൊട്ട്‌ പ്രത്യക്ഷപ്പെട്ടു. കുറച്ചുനേരം അതിലേക്കുതന്നെ നോക്കി നിന്നു. തളര്‍ന്ന ഹൃദയം കൂടുതല്‍ ശക്തിയായി മിടിക്കാന്‍ തുടങ്ങി. അതൊരു കപ്പലാണ്‌! കപ്പല്‍ച്ചാലിലേക്ക്‌ കടന്നുകയറാനുള്ള വെമ്പലോടെ അവശേഷിക്കുന്ന കരുത്ത്‌ ആവാഹിച്ചെടുത്ത്‌ നീന്തി. പക്ഷേ തളര്‍ന്ന കൈകാലുകള്‍ക്ക്‌ എത്തിച്ചേരാനാകാത്ത അകലത്തില്‍ ഏകദേശം മൂന്ന്‌ കിലോമീറ്റര്‍ അകലെക്കൂടി കപ്പല്‍ കടന്നുപോയി. നോക്കെത്താദൂരത്തോളം വരുന്ന കടല്‍പ്പരപ്പില്‍ വീണ്ടും തനിച്ച്‌....
ഒന്നും സംഭവിക്കാതെ ആ പകല്‍ കടലില്‍ താണുപോയി. വരണ്ടുണങ്ങിയ ശരീരത്തിന്‌ ആശ്വാസമായി രാത്രി കടലിനെപ്പൊതിഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കല്‍ക്കാറ്റേറ്റ്‌ ക്ഷീണിച്ച ശരീരം വിറയ്‌ക്കാന്‍ തുടങ്ങി. ആ രാത്രി കടന്നുകിട്ടില്ല എന്ന്‌ മനസ്സില്‍ പലപ്പോഴും തോന്നി. ഏതെങ്കിലും ബോട്ടുകള്‍ കാണുമെന്ന്‌ പ്രതീക്ഷ അപ്പോഴും ബാക്കി നിന്നിരുന്നു.

ഏപ്രില്‍ 18 ഞായര്‍

സൂര്യന്‍ ഉദിച്ചുവന്നപ്പോള്‍ ആദ്യം പരിശോധിച്ചത്‌ അടുത്തെവിടെയും ജീവന്റെ ലക്ഷണങ്ങളുണ്ടോ എന്നായിരുന്നു. പ്രത്യേകിച്ചൊന്നും ശ്രദ്ധയില്‍പെട്ടില്ല. രാവിലെ 7 മണിയായപ്പോള്‍ കുറച്ചകലെ ഒരു ബോട്ട്‌ പ്രത്യക്ഷപ്പെട്ടു. തോന്നലാണോ... അറിയില്ല. കണ്ണുതിരുമ്മി വീണ്ടും നോക്കി. അതെ ഒരു ബോട്ടുതന്നെ....!
തൊണ്ടയില്‍ നിന്ന്‌ ഒരു ഞരക്കം പോലും പുറത്തുവരുന്നില്ല. എങ്കിലും ബോട്ടിനുനേരെ നീന്തിക്കൊണ്ട്‌ എന്തെങ്കിലും ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ചു. അവസാനം തൊണ്ടയില്‍ നിന്ന്‌ നിലവിളിപോലെ പ്രാകൃതമായ ഒരു ശബ്ദം പുറത്തുവന്നു. ഭാഗ്യത്തിന്‌ കാറ്റ്‌ ബോട്ടിനുനേരെയായിരുന്നു. ബോട്ടിലുള്ള ആരോ ഒരാള്‍ അത്‌ കേട്ടിരിക്കണം. ശരീരം തളരുന്നത്‌ അറിയുന്നുണ്ടായിരുന്നു. ഒപ്പം ബോട്ട്‌ തിരിക്കുന്നതും കണ്ടു. ബോട്ടിലേക്ക്‌ വലിച്ചെടുക്കുമ്പോള്‍ ബോധം മറയുകയായിരുന്നു. ശരീരമൊക്കെ തിരുമ്മി ചൂടാക്കിയപ്പോള്‍ കുറച്ചുകഴിഞ്ഞ്‌ കണ്ണ തുറക്കാമെന്ന്‌ സ്ഥിതിയായി. തളര്‍ന്ന ശബ്ദത്തില്‍ കപ്പലിടിച്ച കാര്യം അവരോട്‌ പറഞ്ഞു. പിന്നെ നേരെ ആശുപത്രിയിലേക്ക്‌.
"ഉയിര്‌ എനക്ക്‌ മട്ടുംതാന്‍.... ആന്‍്‌ഡ്രൂസ്‌ പോയി.... " ജോണ്‍ വികാരധീനനാകുന്നു. "ബാക്കി എല്ലാവരും രക്ഷപ്പെടുമോ?"

മാര്‍ക്വേസ്‌ വിവരിക്കുന്ന സംഭവകഥയില്‍ 10 ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ കടലില്‍ ഒറ്റപ്പെട്ട നാവികന്‍ ലൂയി അലജാന്‍ഡ്രോ വെലാസ്‌കോ കരയിലേക്ക്‌ നീന്തിയെത്തിയത്‌. ഞങ്ങള്‍ ജോണിനോട്‌ പറഞ്ഞു.

" അപ്പടി നിനയ്‌ക്കലാം...." ജോണ്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു.

മാര്‍ക്വേസിന്റെ നാവികന്‌ കടലില്‍ രക്ഷയ്‌ക്ക്‌ ചെറുതെങ്കിലും ഒരു ചങ്ങാടമുണ്ടായിരുന്നു എന്ന കാര്യം തിരിച്ചിറങ്ങുന്നതുവരെയും ഞങ്ങള്‍ ജോണിനോട്‌ പറഞ്ഞതേ ഇല്ല.....





1 comment:

p ram said...

2004 ലാണ്‌ ജോണിനെ കാണുന്നത്‌. ഫറോക്കിലെ കോയാസ്‌ ഹോസ്‌പിറ്റലില്‍ വെച്ച്‌. കടലില്‍ നിന്ന്‌ ജീവിതം കിട്ടിയതിന്റെ മൂന്നാം പക്കം!.
ജോണ്‍ സ്രാങ്ക്‌ ഇപ്പോള്‍ കടലില്‍ പോകുന്നുണ്ടോ? അറിയില്ല. പോകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഓളപ്പരപ്പുകളിലെവിടെ നിന്നെങ്കിലും ഉയര്‍ന്നുവരുന്ന ഒരു കൈ, ഒരു നിലവിളി ശബ്ദം, അതിനായി അയാളുടെ കണ്ണുകള്‍ കടലില്‍ തിരഞ്ഞുകൊണ്ടേയിരിക്കും....ഉറപ്പാണ്‌.