Wednesday 1 December, 2010

ഓഫ്‌ റോഡ്‌ റാലികളിലെ വമ്പന്‍ മഹീന്ദ്ര ഗേറ്റ്‌ എസ്‌കേപ്പ്‌ ഇത്തവണ വയനാടന്‍
ചുരം കയറി കോടമഞ്ഞിന്റെ സ്വന്തം
ഗ്രാമമായ വൈത്തിരിയിലെത്തി. കാടും കോടയും
കരുത്തിന്റെ പര്യായമായ 60 ഓളം മഹീന്ദ്ര വാഹനങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ ......

വയനാട്, സെപ്‌റ്റംബര്‍ 25, 2010.
മഞ്ഞിന്‍പുതപ്പണിഞ്ഞ്‌ കൂനിക്കൂടിയിരിക്കുന്ന താമരശ്ശേരി ചുരം കയറുമ്പോള്‍ ഞങ്ങളുടെ ജീപ്പിന്റെ മഹീന്ദ്ര 540 എഞ്ചിന്‍
പതിവില്ലാത്തആവേശത്തിലായിരുന്നു. ഹെയര്‍പിന്‍ വളവുകളിലെ ഇളകിക്കിടക്കുന്ന കല്ലുകള്‍ ഞെരിച്ചമര്‍ത്തി മുകളിലെത്തിയപ്പോള്‍ ഗ്രേയ്‌റ്റ്‌ എസ്‌കേപ്പ്‌ റാലിയുടെ സ്റ്റാര്‍ട്ടിംഗ്‌ പോയിന്റിലേക്കുള്ള ആദ്യവഴികാട്ടികള്‍ ശ്രദ്ധയില്‍പെട്ടു.ഓഫ്‌റോഡ്‌ ആവേശം പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനായാണ്‌ സംഘാടകര്‍ 'ഓവര്‍ടെയ്‌
ക്കി'നായി ഒരുക്കിയ മീഡിയവൈഹിക്കിള്‍ സ്‌നേഹപൂര്‍വ്വം നിരസിച്ച്‌, 1963 മോഡല്‍ എക്‌സ്‌ ആര്‍മി കട്ട്‌ ചെയസ്‌ വില്ലിസ്‌ ശരീരവുമായി അഹങ്കരിച്ച്‌ നടക്കുന്ന TDZ 636 ാം നമ്പര്‍ ജീപ്പിനെ കൂടെക്കൂട്ടിയത്‌. കണ്ട്‌ എഴുതുന്നതും, കൊണ്ട്‌ എഴുതുന്നതും വ്യത്യാസമുണ്ടാകുമല്ലോ എന്ന്‌, കോഴിക്കോടുനിന്ന്‌ ഫുള്‍ടാങ്ക്‌ ഡീസല്‍ അടിച്ചപ്പോള്‍ സമാധാനിക്കാനായി സ്വയം പറയുകയും
ചെയ്‌തു.വൈത്തിരി വില്ലേജ്‌ എന്ന പുതിയ റിസോര്‍ട്ടിലാണ്‌ റാലിയുടെ തുടക്കം. അവശേഷിക്കുന്ന മിനുക്കുപണികള്‍ കൂടി കഴിയുന്നതോടെ 200 ഓളം മുറികളുമായി വയനാട്ടിലെ ഏറ്റവും വലിയ പഞ്ചനക്ഷത്ര റിസോര്‍ട്ടായി മാറും
വൈത്തിരി വില്ലേജ്‌. വിശാലമായ ബ്രേയ്‌ക്ക ഫാസ്റ്റ്‌ കഴിഞ്ഞ്‌ഫ്രഷായപ്പോഴേക്കുംറിസോര്‍ട്ടിന്റെ മുറ്റം നിറയ മഹീന്ദ്രയുടെഫോര്‍ വീല്‍ ഡ്രൈവ്‌ വാഹനങ്ങളുമായി ഓഫ്‌റോഡ്‌ പ്രേമികള്‍ നിറഞ്ഞുകഴിഞ്ഞിരുന്നു.


കുട്ടികളും കുടുംബവുമായി എത്തിയവരും കൂട്ടത്തിലുണ്ട്‌.
ഭാര്യ ആഞ്‌ജലീന, മകള്‍ 4 വയസുകാരി ഈവ്‌, രൂപമാറ്റം വരുത്തി കുട്ടപ്പനാക്കിയ ബൊലേറോ ഇന്‍വേഡര്‍ എന്നിവരടങ്ങുന്ന ഫൂള്‍ ടീമുമായാണ്‌ കോട്ടയം സ്വദേശിയായ
റോബിന്‍സണ്‍, ബാഗ്ലൂരില്‍ നിന്ന്‌ വയനാടന്‍ മലകളുമായി ഗുസ്‌തിപിടിക്കാന്‍ എത്തിയിരിക്കുന്നത്‌. ശീതളപാനീയങ്ങളും ലഘുഭക്ഷണവുടങ്ങിയ കിറ്റിനൊപ്പം ലഭിച്ച മഹീന്ദ്ര ഗ്രേയ്‌റ്റ്‌ എസ്‌കേപ്പ്‌ ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ച്‌ എല്ലാവരും തയ്യാറായതോടെ കൃത്യം 9.30 ന്‌ പങ്കെടുക്കുന്നുവര്‍ക്കായുള്ള ബ്രീഫിംഗ്‌ തുടങ്ങി. ചുവന്ന യൂണിഫോമില്‍
ണിനിരന്ന മഹീന്ദ്ര ടീം അംഗങ്ങള്‍ റാലിയുടെ നിയമങ്ങളും പോകേണ്ട റൂട്ടിനെപ്പറ്റിയുമൊക്കെയുള്ള പ്രാഥമിക വിവരങ്ങളുംപങ്കുവെച്ചു.
10 മണിക്ക്‌ കലകടര്‍ ടി. ഭാസ്‌കരന്‍ ഫ്‌ളാഗ്‌ ഓഫിനായി
എത്തിച്ചേര്‍ന്നതോടെ പൈലറ്റ്‌ വാഹനത്തിന്റെ പിറകെ നമ്പര്‍ ക്രമം അനുസരിച്ച്‌ വാഹനങ്ങള്‍ ഒന്നൊന്നായി പുറത്തേക്കൊഴുകി. മഞ്ഞിന്‍പുതപ്പില്‍ ഒളിച്ചുനില്‍ക്കുന്ന നാട്ടുപാതകളില്‍ കണ്ടുമുട്ടിയ ഗ്രാമീണര്‍ പതിവില്ലാത്ത ആ കാഴ്‌ചയിലേക്ക്‌ കണ്ണുതുറുപ്പിച്ചു. ടോയ്‌ കാറുകളെ അനുസ്‌മരിപ്പിക്കുന്ന, പല നിറങ്ങളും രൂപങ്ങളും വാരിയണിഞ്ഞ ഒരു വാഹനക്കൂട്ടം തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഇരമ്പിയാര്‍ക്കുന്നു.
വയനാട്‌ ഊട്ടി റോഡിലൂടെ മേപ്പാടിയും കഴിഞ്ഞ 22 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞതോ
ടെ വലതുവശത്തുള്ള മീനാക്ഷി പ്ലാന്റേഷന്റെ കാനനപാതയിലേക്ക്‌ വാഹനങ്ങള്‍ തിരിഞ്ഞു. അതുവരെ തേയിലയുടെയും കാപ്പിത്തോട്ടങ്ങളുടെയും പടമെടുത്തും, റാലികാണാനായെത്തിയ കാഴ്‌ചക്കാരുടെ നേരെ കൈവീശിയും സമയം കളഞ്ഞ എല്ലാവരും ഉഷാറായി.
ഇനി മണ്ണും മനുഷ്യനുമായുള്ള യുദ്ധം ആരംഭിക്കുകയായി. ജീപ്പിന്റെ മുന്‍ ടയറിലെ ഫ്രീ വീല്‍ ഹബ്‌ ലോക്ക്‌ ചെയ്‌ത്‌, ഫോര്‍ വീല്‍ ഡ്രൈവ്‌ മോഡിലേക്ക്‌ മാറ്റി ഞങ്ങളും തയ്യാറായി. ഇനിയുള്ള കുറച്ചുകിലോമീറ്ററുകള്‍ വളരെ ശ്രദ്ധിച്ചേ മൂന്നോട്ട്‌ പോകാനാകു. ചളിയും മണ്ണും കുഴഞ്ഞുകിടക്കുന്ന വഴിയിലാകട്ടെ ഇളകിക്കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ക്ക്‌
യാതൊരു പഞ്ഞവുമില്ല! ആദ്യത്തെ രണ്ടുവളവുകള്‍ കഴിഞ്ഞതോടെ സമാന്യം നല്ല ഒരു കൊക്ക വലതുവശത്ത്‌ പ്രതൃക്ഷപ്പെട്ടു. അതു കഴിഞ്ഞതോടെ കുത്തനെയുള്ളകയറ്റം.മുന്നില്‍ പോകുന്ന വാഹനം ചെറുതായി സ്‌പിന്‍ ചെയ്യുന്നുണ്ടോ എന്ന്‌ നോക്കുന്നതിനിടയില്‍ `ഗിയര്‍ ഷിഫ്‌റ്റ്‌.... ഫോര്‍ വീല്‍.... ലോ...`എന്ന്‌, സുഹൃത്തും കോ ഡ്രൈവറുമായ പ്രിയേഷിന്റെ പ്രിയേഷിന്റെ നിര്‍ദേശമെത്തി. വാഹനം ചവിട്ടി നിര്‍ത്തി ഫോര്‍ വീല്‍ ലോ ഗിയറിലേക്ക്‌ മാറ്റി ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി... അത്ഭുതം! കയറ്റം ഞൊടിയിടയില്‍ മുന്നില്‍ നിന്ന്‌ താണുപോകുന്നു. അല്ല നമ്മള്‍ മുകളിലെത്തിക്കഴിഞ്ഞതാണ്‌! ആശ്വാസം.
540 യുടെ എഞ്ചിന്‍ കരുത്തിന്‌ താങ്ക്‌സ്‌ പറയാതെ നിവൃത്തിയില്ല. അത്ര കൂളായാണ്‌ പെര്‍ഫോമന്‍സ്‌.
`എങ്ങനെയുണ്ട്‌ ആദ്യത്തെ ചലഞ്ച്‌ ?
മറുപടി ' കിടിലന്‍' എന്ന ഒറ്റവാക്കിലൊതുക്കി. വീണ്ടും ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.അപ്പോള്‍ ഇതാണ്‌ ഓഫ്‌ റോഡ്‌ ത്രില്‍... വാഹനത്തിന്‌ കടന്നുപോകാന്‍ ബുുദ്ധിമുട്ടായേക്കൂം എന്ന്‌ തോന്നിക്കുന്ന ഭൂപ്രദേശങ്ങള്‍, ഒരു കുന്ന്‌, പാറക്കെട്ട്‌, ചളിക്കുളമായ ഗട്ടറുകള്‍, കാട്ടുപാതയെ മുറിച്ചുകൊണ്ടുപോകുന്ന അരുവികള്‍ , ഇവയെ എഞ്ചിന്‍കരുത്തുകൊണ്ടും സ്റ്റിയറിംഗ്‌ വീലിലെ കയ്യടക്കം കൊണ്ടും കീഴടക്കുന്നതിന്റെ ത്രില്‍... അത്‌ ഓഫ്‌ റോഡുകളില്‍ അനുഭവിച്ചുതന്നെ അറിയണം.
രണ്ടു കിലോമീറ്റര്‍ കൂടി കഴിഞ്ഞതോടെ സ്‌റ്റിയറിംഗ്‌ പ്രിയേഷിന്‌ കൈമാറി കോ ഡ്രൈവര്‍ സീറ്റില്‍ ക്യാമറയുമായി സ്ഥലം പിടിച്ചു. വാഹനം ഉരുളന്‍ കല്ലുകളില്‍ കയറിയിറങ്ങുമ്പോള്‍ ക്യാമറ മര്യാദയ്‌ക്ക്‌ പിടിയ്‌ക്കാന്‍ തന്നെ പ്രയാസം. മുന്നില്‍പോകുന്ന വാഹനനിരയെ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമം നടപ്പില്ല എന്ന്‌, 2ഫോട്ടോകള്‍ ക്ലിക്ക്‌ ചെയ്‌തതോടെ മനസ്സിലായി. ചിത്രങ്ങളില്‍ പതിയുന്നത്‌ മരത്തലപ്പുകളും ആകാശവുമൊക്കെ മാത്രം. മരുന്നിനുപോലും ഒരു വണ്ടിയില്ല!
പെട്ടെന്ന്‌ എല്ലാ വാഹനങ്ങളും ഹാള്‍ട്ടായി. മുന്‍പില്‍ എന്തോ സംഭവിച്ചിട്ടുണ്ട്‌? ക്യാമറയുമായി മുന്നോട്ടുനടന്നു. 5 വാഹനങ്ങള്‍ക്കപ്പുറമുള്ള മഹീന്ദ്രമേജര്‍ ജീപ്പിന്റെ ഫ്രണ്ട്‌ ബംബര്‍ ഒരു കല്ലിനിടിച്ച്‌ ടയറുമായി ജാമായി നില്‍ക്കുന്നു. മഹീന്ദ്രയുടെ സര്‍വീസ്‌ ടീം സ്ഥലത്ത്‌ കുതിച്ചെത്തി, ബംബര്‍ വലിച്ചുനിവര്‍ത്തിയതോടെ പ്രശ്‌നപരിഹാരമായി. റാലി വീണ്ടും മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു.

ഒരുകിലോമീറ്റര്‍ കൂടി മുന്നോട്ട്‌ പോയതോടെ വാഹനവ്യൂഹം വീണ്ടും പതുക്കെയായി. ആഴമേറിയ
തോടിനുകുറുകെയുള്ള ഒരൂ ചെറിയ മരപ്പാലമാണ്‌ ഇനി മറികടക്കാനുള്ളത്‌.
സാധാരണായി ജീപ്പുകളുടെ ടയര്‍പാത്തില്‍ മാത്രമേ ഇവിടെ സ്ഥിരം സംവിധാനമുള്ളു. എന്നാല്‍ ഗ്രെയറ്റ്‌ എസ്‌കേപ്പിനായി പാലത്തിനുനടുവിലെ ഒഴിഞ്ഞ സ്ഥലവും മരത്തടികള്‍ ഇട്ട്‌ നിറച്ചിരി
ക്കുന്നു. സര്‍വീസ്‌ ടീമിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ ഓരോരുത്തരായി വാഹനം പാലത്തിലേക്ക്‌ കയറ്റി. എല്ലാ വാഹനങ്ങളും ഒന്നിനുപിറകെ ഒന്നായി പാലം കടന്നതോടെ റാലിക്ക്‌ വേഗം വെച്ചു.
മഞ്ഞുമലകള്‍ക്കുമീത വെയില്‍ പരന്നുതൂടങ്ങിയപ്പോഴേക്കും റാലി കാട്ടുപാതയുടെ ഇരുണ്ട തണുപ്പിനോട്‌ വിടപറഞ്ഞ്‌ കാറ്റ്‌ ചൂളംവിളിക്കുന്ന മനോഹരമായ വയനാടന്‍ സമതലത്തിലേക്കെത്തിച്ചേര്‍ന്നിരുന്നു. അല്‌പദൂരം കൂടി കഴിഞ്ഞതോടെ ഗ്രാമജീവിതത്തിന്റെ സൂചനകള്‍ വഴിയരികില്‍ പ്രതൃക്ഷപ്പെട്ടുതുടങ്ങി. സമീപത്തുള്ള സ്‌കൂള്‍കെട്ടിടവും കൈവീശി ആര്‍ത്തുവിളിച്ച കുട്ടിക്കൂട്ടങ്ങളെയും പിന്നിട്ട്‌ റാലി വീണ്ടും ടാര്‍ റോഡിലേക്ക്‌ കയറി.
ഇനി 20 കിലോമീറ്ററോളം ടാര്‍ റോഡിലൂടെയാണ്‌ യാത്ര. ഓഫ്‌ റോഡ്‌ ഭ്രാന്തന്മാരെ ശരിക്കും ഭ്രാന്തന്മാരാക്കുന്ന ഇടവേളയാണിതെന്ന്‌ ഡ്രൈവ്‌ ചെയ്യുന്ന സുഹൃത്തിന്റെ മുഖഭാവവും ശരീരചലനങ്ങളും വിളിച്ചുപറയുന്നു. കല്ലും മണ്ണും ചളിയുമാണ്‌ ഓരോ ഓഫ്‌ റോഡ്‌ പ്രേമിയുടെയും ഇഷ്ടസങ്കേതങ്ങള്‍.പാതയ്‌ക്ക്‌ കടുപ്പമേറുംതോന്നും ആവേശം ഇരമ്പിക്കയറും. ഗട്ടറില്ലാത്ത, വെല്ലുവിളികള്‍ ഇല്ലാത്ത ടാര്‍ റോഡുകള്‍ അവര്‍ക്ക്‌ എല്ലാ ഹരവും കളയുന്ന രസംകൊല്ലികള്‍ മാത്രം.
കണ്ണടച്ചുതുറക്കുമുമ്പ്‌ 20 കിലോമീറ്ററുകള്‍ കാറ്റിനൊപ്പം പിറകിലേക്ക്‌ പാറിപ്പോയി... ടാര്‍ റോഡില്‍
നിന്ന്‌ വലതുവശത്തെ മണ്‍റോഡിലൂടെ ചെങ്കുത്തായ ഒരു കുന്നിലേക്ക്‌ ഗ്രേയ്‌റ്റ്‌ എസ്‌കേപ്പ്‌ വഴി
കാട്ടിയുടെ ചുവന്ന അമ്പടയാളത്തോടുകൂടിയ സ്‌റ്റിക്കര്‍ വിരല്‍ചൂണ്ടി. ആവേശത്തിന്റെ അലകള്‍ വീണ്ടും വാഹനങ്ങളില്‍ നിറഞ്ഞു. മലയുടെ നെറ്റിത്തടത്തിലേക്ക്‌ കുഞ്ഞന്‍വണ്ടികള്‍ ഒന്നൊന്നായി ഇരമ്പിക്കയറുന്ന കാഴ്‌ച രസകരമായിരുന്നു. സമയം ഉച്ചകഴിഞ്ഞ്‌ 2 മണിയോട
ടുക്കുന്നു. ചൂട്‌ തീരെയില്ല.പിറകെ വരുന്ന ജീപ്പിന്റെ സാരഥി സാജ്‌ രാജ്‌, ഞങ്ങളെ മറികടന്നുപോകുമ്പോള്‍ ഫോട്ടോയെടുക്കാന്‍ ആഗ്യം കാണിച്ചു. സാജ്‌ ജീപ്പൂമായി എന്തോ അഭ്യാസത്തിനൊരുങ്ങുകയാണെന്ന്‌ കോ ഡ്രൈവറുടെ മുന്നറിയിപ്പ്‌.റോഡില്‍ നിന്ന്‌ ഒരു സാമാന്യംവലിയ ഒരു കുഴിക്കപ്പുറം താഴെയായി വെള്ളമൊഴുകിവരുന്ന ഒരു പാറക്കെട്ട്‌. കുഴിയോട്‌ ചേര്‍ത്ത്‌ മണ്‍നിറമുള്ള ജീപ്പ്‌ നിര്‍ത്തി വിരലുയര്‍ത്തി സാജന്‍ വിജയചിഹ്നം കാണിച്ചു.
ക്യാമറയില്‍ ഒരു ക്ലിക്ക്‌ കഴിഞ്ഞ്‌ രണ്ടാമത്തേതിന്‌ നോക്കുമ്പോള്‍ മുന്നില്‍ സാജനും ജീപ്പുമില്ല. പെട്ടെന്ന്‌ കുഴിയുടെ താഴ്‌ചയില്‍നിന്ന്‌ പാറപ്പുറത്ത്‌ ജീപ്പ്‌ ഇരമ്പി
പ്രതൃക്ഷപ്പെടുന്നു. മറ്റു വാഹനങ്ങളില്‍ നിന്നിറങ്ങിവ
ന്നവര്‍ ആവേശത്തോടെ അവരെ കെയടിച്ചു പ്രോല്‍സാഹിപ്പിക്കുന്നുണ്ട്‌....
താഴ്‌വരക്കുമീതെ കരിമ്പടപ്പുതപ്പുമായി കോടയിറങ്ങിത്തുടങ്ങി. ചുറ്റുമുള്ള പുല്‍മേടുകളിലേക്കും കുന്നുകളിലേക്കും തലങ്ങും വിലങ്ങും വണ്ടിയോടിച്ചുകയറ്റുകയറ്റുകയാണ്‌ ഓരോരുത്തരും. ഇവിടെ പ്രത്യേക റൂട്ട്‌ ഇല്ല. ഓരോരുത്തരും മനോധര്‍മ്മ
നുസരിച്ച്‌ വാഹനം പായിക്കുന്നു. അരമണിക്കൂര്‍
നേരത്തെ അഭ്യാസപ്രകടനങ്ങള്‍ കഴിഞ്ഞ്‌ റാലി തുടരാനുള്ള നിര്‍ദേശമെത്തിയപ്പോഴേക്കും പല വാഹനങ്ങളും ചളികൊണ്ടാണോ ബോഡി നിര്‍മ്മിച്ചിരി
ക്കുന്നതെന്ന്‌ ചോദിക്കാവുന്ന അവസ്ഥയിലേക്ക്‌ മാറിക്കഴിഞ്ഞിരിക്കുന്നു. റോബിന്‍സന്റെ ജീപ്പിന്റെ സൈലന്‍സര്‍ പൈപ്പ്‌ നിലത്ത്‌ പുല്ലില്‍ ചരിഞ്ഞുകിടന്ന്‌ റിലാ
ക്‌സ്‌ ചെയ്‌താണ്‌ പുകവിടുന്നത്‌. കോട്ടയത്തുനിന്നെത്തിയ ഓഫ്‌ റോഡ്‌ വിദഗ്‌ധന്‍
സാം അച്ചായന്റെ 39 ാം നമ്പര്‍ ജീപ്പ്‌ പതിവില്ലാത്ത വിധം വയനാടന്‍ ചളിയോട്‌ അടിയറവ്‌ പ
റഞ്ഞ്‌കിടക്കുന്നു. മറ്റൊരു ജീപ്പില്‍ റോപ്പ്‌ കെട്ടിയുള്ള വിഞ്ചിംഗ്‌ മാത്രമേ ഇനി രക്ഷയുള്ളു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമായി മഹീന്ദ്രയുടെ സര്‍വീസ്‌ ടീമും രംഗത്തുണ്ട്‌.

നേരം വൈകുന്നേരം 3 മണിയോട്‌ അടുക്കുന്നു. ഗ്രെയ്‌റ്റ്‌ എസ്‌കേപ്പ്‌ ആവേശത്തിന്‌ തിരശ്ശീലയിട്ട്‌
വാഹനങ്ങള്‍ ഒന്നൊന്നായി വൈത്തിരിവില്ലേജില്‍ മടങ്ങിയെത്തി. റിസോര്‍ട്ടി
ലെ സ്വിമ്മിംഗ്‌ പൂളിന്റെ അരികില്‍ പ്രത്യേകമൊരുക്കിയ പന്തലില്‍ വിഭവസമൃദ്ധമായ
ഭക്ഷണം എല്ലാവരെയും കാത്തിരിക്കുന്നുണ്ട്‌. ഭക്ഷണവേള വിടപറയലിന്റെയും പരിചയപ്പെടലിന്റെയും വേദി കൂടിയാണ്‌. അടുത്ത ഓഫ്‌ റോഡ്‌ വേദിയില്‍ വീണ്ടും കാണാം എന്ന്‌ ആശംസിച്ച്‌ ഓരോരുത്തരായി പിരിഞ്ഞുപോകാന്‍തുടങ്ങിയിരിക്കുന്നു.
കൂര്‍ഗില്‍ പിറ്റെ ദിവസം രാവിലെ ജംഗിള്‍ മൗണ്ട്‌ അഡ്വഞ്ചര്‍ ക്ലബ്ബിന്റെ ഓഫ്‌ റോഡ്‌ റാലിയുണ്ടെന്ന്‌ വിവരവും പരിപാടിയിലേക്കുള്ള ക്ഷണവും ചൂടുള്ള ഭക്ഷണത്തോടൊപ്പമാണ്‌
ഞങ്ങളെ തേടിയെത്തിയത്‌. വൈകുന്നേരം തിരിച്ച്‌ ചുരമിറങ്ങി നാടുപിടിക്കണോ അതോ രാത്രി ആനയിറങ്ങുന്ന കാടുമുറിച്ചുകടന്ന്‌ 200 ഓളം കി മീ താണ്ടി കൂര്‍ഗിലേക്ക്‌ പോകണോ എന്ന ചോദ്യത്തിന്‌ ഞങ്ങള്‍ക്ക്‌ ഒരേ ഉത്തരമേ ഉണ്ടായിരുന്നുള്ളു.ഓഫ്‌ റോഡ്‌@ കൂര്‍ഗ്‌...
മഹീന്ദ്ര തന്ന കോണ്‍ഫിഡന്‍സും ഗ്രെയ്‌റ്റ്‌ എസ്‌കേപ്പിന്റെ ഹരവും അങ്ങനെയല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ അനുവദിക്കുമായിരുന്നില്ല എന്നതാണ്‌ സത്യം!

മഹീന്ദ്‌ ഗ്രെയ്‌റ്റ്‌
എസ്‌കേപ്പ്‌

മഹീന്ദ്രയുടെ ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ വാഹനത്തിന്റെ കരുത്തും, കഴിവുകളും ടാര്‍ റോഡിലല്ലാതെ മറ്റു മേഖലകളില്‍ ഓടിച്ച്‌ ബോധ്യപ്പെടാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ 1996 ലാണ്‌ മഹീന്ദ്ര ഗ്രെയ്‌റ്റ്‌ എസ്‌കേപ്പ്‌ റാലിക്ക്‌ തുടക്കമിടുന്നത്‌. മത്സരാടിസ്ഥാനത്തിലല്ല റാലിയുടെ ഘടന. അതുകൊണ്ടുതന്നെ വിജയികളും പരാജിതരുമില്ലാത്ത, പരസ്‌പരമുള്ള സഹകരണവും കൂട്ടായ്‌മയും മാത്രം വിജയിക്കുന്ന യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്‌ ഇവന്റാണിതെന്ന്‌
നിസ്സംശയം പറയാം.


Thursday 16 September, 2010


1955 ഫെബ്രുവരി 28- മാര്‍ച്ച്‌ 9
യാതൊരാഹാരവും കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്‌തിരുന്നില്ല ഞാന്‍. ഒന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കുക. അതാണു നല്ലത്‌ പക്ഷേ ചിന്തകള്‍ അടക്കിവെക്കാന്‍ കഴിയാതെയായി. ശരീരം അവിടവിടെ പൊട്ടിവേദനിച്ചു. തീപ്പൊള്ളല്‍ പോലെ കുമിളകളുണ്ടായി. ശ്വാസകോശത്തില്‍ ചൂട്‌ കയറിയാല്‍ അത്‌ അപടകമാവും. പക്ഷേ അതെങ്ങനെ ഒഴിവാക്കും. ഷര്‍ട്ടൂരി അരയില്‍ ചുറ്റി. അത്‌ നനഞ്ഞിരുന്നു. ദിവസങ്ങളോളം ജലപാനമില്ലാതിരുന്നതുകൊണ്ട്‌ ശരീരത്തില്‍ വിയര്‍പ്പുണ്ടായിരുന്നില്ല. തൊണ്ടയിലും നെഞ്ചിലും ശക്‌തിയായ വേദന തോന്നി. തോളെല്ലുകളും ശക്തിയായി വേദനിച്ചു. ദാഹം അനിയന്ത്രിതമായി. അല്‌പം കടല്‍വെള്ളം കുടിക്കുകതന്നെ ചെയ്‌തു. പക്ഷേ ദാഹം വര്‍ധിക്കുകയല്ലാതെ കുറഞ്ഞില്ല.

(കപ്പല്‍ച്ചേതം വന്ന ഒരു നാവികന്റെ കഥ- ഗബ്രിയേല ഗാര്‍ഷ്യ മാര്‍ക്വിസ്‌)

കപ്പല്‍ച്ചേതം വന്ന ഒരു മീന്‍പിടുത്തക്കാരന്റെ കഥ

2004 ഏപ്രില്‍ 14 ബുധന്‍

കോഴിക്കോടിനടുത്തുള്ള ബേപ്പൂര്‍ തുറമുഖം. കടലോരം അന്ന്‌ പകല്‍മുഴുവന്‍ വിഷു ആഘോഷിക്കുന്ന തിരക്കിലായിരുന്നു. രാത്രി ഏറെ വൈകിയും അവിടവിടെ നിന്ന്‌ പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കടല്‍ക്കാറ്റില്‍ അലിഞ്ഞുചേര്‍ന്നു.
കടലിന്റെ മണമുള്ള ശരീരവുമായി ആറു ചെറുപ്പക്കാര്‍ അന്നേരം തീരത്ത്‌ ഒത്തുചേര്‍ന്നു. അവര്‍ തമ്മില്‍തമ്മില്‍ സംസാരിച്ച ഭാഷയ്‌ക്ക്‌ തമിഴിന്റെ ഈണമുണ്ടായിരുന്നു. കന്യാകുമാരി ജില്ലയിലെ തേങ്ങാപട്ടണം എന്ന്‌ കടലോര ഗ്രാമത്തില്‍ നിന്നും തൊഴില്‍തേടി മലബാറിന്റെ പെരുമകേട്ട തുറമുഖത്തെത്തിച്ചേര്‍ന്നതായിരുന്നു അവരില്‍ മൂന്നുപേര്‍. ബാക്കിയുള്ളവര്‍ കന്യാകുമാരി ജില്ലയില്‍തന്നെയുള്ള കുളച്ചല്‍ സ്വദേശികള്‍. പേരുപറയുകയാണെങ്കില്‍ അലക്‌സാണ്ടര്‍ എന്നുവിളിക്കുന്ന വലിയപ്പ, മരിയജോണ്‍, വിജയന്‍, സഹായ്‌ രാജ്‌, ജോണ്‍ പിന്നെ ജോണിന്റെ അനിയന്‍ ആന്‍ഡ്രൂസും.
തുറമുഖത്ത്‌ ഡീസല്‍ നിറഞ്ഞ വയറുമായി റിയാഫത്ത്‌ എന്ന മീന്‍പിടുത്ത ബോട്ട്‌ അവരെക്കാത്ത ഇരുട്ടില്‍ മയങ്ങിക്കിടന്നിരുന്നു. ആറുപേര്‍ ഓരോരുത്തരായി ബോട്ടിലേക്ക്‌ കയറി. നാട്ടില്‍ ഈസ്‌റ്റര്‍ ആഘോഷിച്ച്‌ തിരിച്ചുവന്നതിന്റെ സന്തോഷം അവരുടെ മുഖത്തും വാക്കുകളിലും അവശേഷിച്ചിരുന്നു. 35 കാരനായി ജോണ്‍ ആയിരുന്നു സ്രാങ്ക്‌. ജോണ്‍ എഞ്ചിന്‍ സ്‌റ്റാര്‍ട്ടുചെയ്‌തു. തിരമാലകളുടെ തള്ളലില്‍ ഒന്നുലഞ്ഞുകൊണ്ട്‌ ബോട്ട്‌ പടിഞ്ഞാറേക്ക്‌ തിരിഞ്ഞു.

2004 ഏപ്രില്‍ 18 ഞായറാഴ്‌ച

സമയം ഉച്ചയോടടുക്കുന്നു. ഏകദേശം 11 മണി. ബേപ്പൂര്‍ തുറമുഖത്തുനിന്ന്‌ മീന്‍ തേടി കടലിലേക്ക്‌ പോയ ത്രീസ്‌റ്റാര്‍ എന്ന ബോട്ട്‌ പതിവില്ലാത്ത വേഗതയിലും പരിഭ്രാന്തിയിലും തുറമുഖത്തേക്ക്‌ പഞ്ഞുവരുന്നു. ബോട്ടില്‍ നിന്ന്‌ ചാടിയിറങ്ങിയ മത്സ്യത്തൊഴിലാളികളുടെ കൈയില്‍ ഒരു മനുഷ്യന്‍ കുഴഞ്ഞ്‌ കിടന്നിരുന്നു. ഇടതുകൈയില്‍ തീപ്പൊള്ളലേറ്റതുപോല പഴുത്തുകിടക്കുന്ന ഒരു മുറിവ്‌. കണ്ണുകള്‍ വീര്‍ത്ത്‌, ചുണ്ടുകള്‍ വിണ്ടുകീറി, ശരീരത്തിലപ്പോഴും ജീവന്റെ നേര്‍ത്ത മിടിപ്പുകള്‍ അവശേഷിപ്പിച്ചുകൊണ്ട്‌ .... ജോണ്‍.
അടുത്തുപരിചയമുള്ളവര്‍ക്കുപോലും അത്‌ ജോണാണെന്ന്‌ പറയാന്‍ വിഷമം. എങ്കിലും ചിലര്‍ തിരിച്ചറിഞ്ഞു. ഉടനെ ഒരു വാഹനം ജോണിനെയുംകൊണ്ട്‌ ആശുപത്രിയിലേക്ക്‌ കുതിച്ചു.

ബോധം തിരിച്ചുകിട്ടിയപ്പോള്‍ ജോണ്‍ ചുറ്റും കൂടിനിന്നവരോട്‌ ആ സ്‌ത്യം പറഞ്ഞു. കടലില്‍ വെച്ച്‌ ഒരു ചരക്കുകപ്പലുമായി കൂട്ടിയിടിച്ച്‌ റിയാഫത്ത്‌ മുങ്ങിയിരിക്കുന്നു. ഓരോ യാത്രക്കുശേഷം മീന്‍നിറഞ്ഞ പിന്‍വശം വെള്ളത്തില്‍ താഴ്‌ത്തി്‌ ഒരു വിജയിയേപ്പോലെ തലയുയര്‍ത്തിപ്പിടിച്ച്‌ റിയാഫത്ത്‌ കരയിലേക്ക്‌ ഇനിയൊരിക്കലും തിരിച്ചുവരില്ല. അറബിക്കടലിന്റെ പരപ്പുകളിലെവിടെയോ അത്‌ ചെറിയ പലകകളായി ഒഴുകിനടക്കുന്നുണ്ട്‌. ....വെറും പലകക്കഷ്‌ണങ്ങള്‍.

ഏപ്രില്‍ 20 ചൊവ്വ
ആശുപത്രിക്കിടക്കയില്‍ ജോണ്‍ എഴുന്നേറ്റിരിക്കുന്നു. കണ്ണുകള്‍ തെളിഞ്ഞിട്ടുണ്ട്‌. എങ്കിലും പോളകളില്‍ ക്ഷീണത്തിന്റെ അവശേഷിപ്പുകള്‍. ഇടതുകൈയില്‍ ബാന്‍ഡേജ്‌. ചുറ്റുകൂടിനില്‌ക്കുന്ന ബന്ധുക്കളുടെ തമിഴ്‌പേച്ച്‌ മുറി മുഴുവന്‍ നിറഞ്ഞുനില്‌ക്കുന്നു.വലിയപ്പ വലിയപ്പ എന്ന പേര്‌ സംഭാഷണങ്ങളില്‍ നിന്ന്‌ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്‌. ജോണിനൊപ്പം അപടത്തില്‍പെട്ട വലിയപ്പയെ ഒരു ചരക്കുകപ്പലിലുള്ളവര്‍ രക്ഷപ്പെടുത്തി കൊച്ചിയി
ലെ ഒരു ആശുപത്രിയിലെത്തിച്ച വാര്‍ത്തയുമായാണ്‌ അ്‌ന്നത്തെ പത്രങ്ങള്‍ പുറത്തിങ്ങിയിരിക്കുന്നത്‌.

" എന്ന സമാചാരം" ജോണ്‍ ചെന്നപാടെ ചോദിച്ചു. " ഏതാവത്‌ വിവരം കെടച്ചതാ"?
കടലില്‍ തിരച്ചില്‍ തുടരുന്ന മുപ്പതോളം ബോട്ടുകളിലാണ്‌ ആശുപത്രിയില്‍ കൂടിയിരിക്കുന്നവര്‍ക്കും പ്രതീക്ഷ. കടലില്‍ പോയ ആറുപേരില്‍ ആകെ മരിച്ചു എന്നുറപ്പിക്കാവുന്നത്‌ ജോണിന്റെ സഹോദരന്‍ ആന്‍ഡ്രൂസ്‌ ആണ്‌. ജോണി്‌ന്റെ കൈകളില്‍ കിടന്നാണ്‌ ആന്‍ഡ്രൂസ്‌ മരിച്ചത്‌. ബാക്കിയുള്ളവര്‍ എവിടെ?

മറുപടി പറയാതെ അല്‌പനേരം മിണ്ടാതിരുന്നു. ബന്ധുക്കളുടെ തിരക്ക്‌ അല്‌പമൊന്ന്‌ കുറഞ്ഞപ്പോള്‍ ജോണ്‍ പറഞ്ഞുതുടങ്ങി.

13 വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ തൊഴില്‍തേടി തേങ്ങാപട്ടണത്തുനിന്ന്‌ ബേപ്പൂരിലെത്തുന്നത്‌. നാട്ടിലും കടല്‍പ്പണി തന്നെയാണ്‌. കട്ടമരത്തിലും തോണിയിലും കിട്ടുന്ന എന്തിലും കടലില്‍പോകും. ബേപ്പൂരിലെത്തിയ ശേഷം ബോട്ടോടിക്കാന്‍ പഠിച്ചു. ജോണ്‍ അങ്ങനെയാണ്‌ സ്രാങ്ക്‌ ജോണായത്‌. ഇതിനിടയില്‍ അനിയന്‍ ആന്‍ഡ്രൂസും കൂടെ ബേപ്പൂരിലേക്ക്‌ പോന്നു. ഇവിടെ ലോഡ്‌ജില്‍ താമസം., ഭക്ഷണം, കടലില്‍ പോയാല്‍ ഒരാഴ്‌ച കഴിയും മടങ്ങിവരാന്‍. ഇതിനിടയില്‍ വെപ്പും തീനുമെല്ലാം ബോട്ടില്‍തന്നെ. മീന്‍ കിട്ടുന്നതിനനുസരിച്ചാണ്‌ കുലിയും. " നല്ല ക്യാച്ച്‌ കിടച്ചാല്‍ ജാസ്‌തി പണവും കിടയ്‌ക്കും" ഈസ്റ്റവും വിഷുവും ആഘോഷിച്ച്‌ ബോട്ടില്‍ കയറിയതായിരുന്നു. ബേപ്പൂര്‌ നിന്ന്‌ കൂടുതല്‍ വടക്കോട്ടാണ്‌ ബോട്ടിന്റെ യാത്ര നിശ്ചയിച്ചിരുന്നത്‌. രണ്ടുദിവസത്തെ മീന്‍പിടുത്തം കഴിഞ്ഞപ്പോഴേക്കും ബോട്ട്‌ തലശ്ശേരി കടപ്പുറത്തുനിന്ന്‌ ഏകദേശം60 കിലോമീറ്റര്‍ ഉള്ളിലെത്തിയിരുന്നു.

ഏപ്രില്‍ 16 വെള്ളിയാഴ്‌ച
അന്ന്‌ പകല്‍ മുഴുവന്‍ നല്ല അധ്വാനമായിരുന്നു. മോശം പറയാത്ത രീതിയില്‍ മീന്‍ വലയില്‍ കയറിക്കൊണ്ടിരുന്നു. രാത്രി കുറെ വൈകിയും വലയിട്ടിരുന്നു. നല്ല ക്ഷീണമുള്ളതുകൊണ്ട്‌ പതിവു സംഭാഷണങ്ങള്‍ക്കൊന്നും നില്‌ക്കാതെ അത്താഴം കഴിഞ്ഞതും എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി ഇടയ്‌ക്കൊന്ന്‌ എണീറ്റ്‌ സമയം നോക്കിയെന്നുതോന്നുന്നു. 12 മണി കഴിഞ്ഞുകാണണം. ഒരുപൊട്ടിത്തെറി ശബ്ദത്തോടൊപ്പം തെറിച്ചുപോകുന്നതാണ്‌ ഓര്‍മ്മ. കണ്ണുതുറന്നപ്പോള്‍ വെള്ളത്തില്‍കിടക്കുകയാണ്‌. ഒരു വലിയ കപ്പലിന്റെ രൂപം അകന്നുപോകുന്നു. കപ്പല്‍പോയതോടെ കടലില്‍ കുറ്റാക്കൂരിരുട്ടായി. വെള്ളത്തിന്റെ അല നിന്നപ്പോള്‍ തകര്‍ന്ന ബോട്ടിനെ ലക്ഷ്യമാക്കി തിരിച്ചുനീന്തി. ആദ്യം കൈയില്‍കിട്ടിയ കമ്പിയില്‍ കയറിപ്പിടിച്ചു. കപ്പലില്‍ ഉരഞ്ഞതുകൊണ്ടാകണം ആ കമ്പി ചുട്ടുപഴുത്തു നില്‌ക്കുകയായിരുന്നു. കൈയില്‍ നിന്ന്‌ തൊലിയടക്കം പൊള്ളിമാറി. വലിയപ്പയൊഴിച്ച്‌ എല്ലാവരും പലയിടത്തുനിന്നായി പൊ്‌ന്തിവന്നു. കപ്പലിന്റെ ഇടിയില്‍ എല്ലാവര്‍ക്കും നല്ല പരുക്കുണ്ടെന്ന്‌ കരച്ചിലിലും നിലവിളിയിലും നിന്ന്‌ മനസ്സിലായി. ആന്‍ഡ്രൂസിന്റെ അവശത നിറഞ്ഞ്‌ ശബദം അടുത്തുനിന്ന്‌ വീണ്ടും ഉയര്‍ന്നു. അടുത്തെത്തി പിടിച്ചതും ഒരു ഞരക്കം മാത്രം. പിന്നെ അവന്‍ അനങ്ങിയില്ല. കുറെ നേരം മനസ്സ്‌ മരവിച്ചുപോയി. എങ്കിലും ആന്‍ഡ്രൂസിന്റെ ശരീരിത്തില്‍ നിന്ന്‌ പിടിവിടാതെ ബോട്ടിന്റെ പലകകളില്‍ പിടിച്ച്‌ ഇരുട്ടിലേക്ക്‌ പകച്ചുനോക്കി അങ്ങനെ .... കുറച്ചുകഴിഞ്ഞപ്പോള്‍ അവന്റെ ശരീരം തണുത്തുവന്നു. മരിച്ചു എന്നുറപ്പായപ്പോള്‍ ഷര്‍്‌ട്ടൂരി ജഡം പുറത്തുകെട്ടിവെച്ചു. അങ്ങനെ ഏകദേശം നാലുമണിക്കൂറോളം നീന്തി. കൈകള്‍ തളര്‍ന്ന്‌ ഒരു മുങ്ങിമരണം അതിന്റെ എല്ലാ സാധ്യതകളുമായി മുന്നില്‍ നി്‌്‌ന്നപ്പോള്‍ ആന്‍ഡ്രൂസിന്റെ ശരീരംകെട്ടഴിച്ചു. അവസാനമായി അവന്റെ മുഖത്ത്‌ വലംകൈകൊണ്ട്‌ തഴുകി കൈവിട്ടു. ഇതിനിടയില്‍ ഓരോരുത്തരുടെ ശബ്ദമായി കേള്‍ക്കാതെയായി.

ഏപ്രില്‍ 17 ശനി
പ്രഭാത രശ്‌മികള്‍ കടലിനുമുകളില്‍ തെളിഞ്ഞുവന്നപ്പോള്‍ ഓളപ്പരപ്പില്‍ മറ്റാരുമില്ല. നോക്കെത്താദൂരത്ത്‌ ഇളകിമറിയുന്ന ജലം മാത്രം. ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ നീന്താന്‍ എല്ലാവരും പരസപരം വിളിച്ചുപറഞ്ഞതാണ്‌ . എന്നാലും വെളിച്ചം വന്നപ്പോള്‍ ആരെയെങ്കിലും കാണുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വെയിലിന്‌ ചൂടേറി വന്നു. ചുണ്ടുകള്‍ വരണ്ടുണങ്ങി. ദാഹം ഹൃദയത്തിനകത്തുനിന്ന്‌ പുറപ്പെടുന്ന ഒരു വികാരമായി കടല്‍ക്കാറ്റിനൊപ്പം വട്ടം കറങ്ങി. ഉപ്പുവെള്ളം തട്ടി കൈവള്ളയിലെ മുറിവ്‌ നീറിപ്പുകഞ്ഞു.

കടല്‍വെള്ളം കുടിച്ചോ?
ഒരു തുള്ളിപോലും കുടിച്ചില്ല. ഉപ്പ്‌ താനേ... ഉപ്പ്‌ ചെന്നല്‍ താഹം കൂടുതല്‍ വരും"
പ്രത്യേകിച്ചൊന്നും സംഭവിക്കാതെ മണിക്കൂറുകള്‍ കടന്നുപോയി. കടലിന്റെ ഏതെങ്കിലും അതിരുകളില്‍ നിന്ന്‌ പ്രത്യക്ഷപ്പെടുന്ന ബോട്ടോ കപ്പലുകളോ നോക്കി കണ്ണുകഴച്ചു. പ്രതീക്ഷ നഷ്ടപ്പെട്ടുതുടങ്ങി.
ഉച്ചയായപ്പോള്‍ ചക്രവാളത്തിന്റെ അതിരില്‍ ഒരു കറുത്തപൊട്ട്‌ പ്രത്യക്ഷപ്പെട്ടു. കുറച്ചുനേരം അതിലേക്കുതന്നെ നോക്കി നിന്നു. തളര്‍ന്ന ഹൃദയം കൂടുതല്‍ ശക്തിയായി മിടിക്കാന്‍ തുടങ്ങി. അതൊരു കപ്പലാണ്‌! കപ്പല്‍ച്ചാലിലേക്ക്‌ കടന്നുകയറാനുള്ള വെമ്പലോടെ അവശേഷിക്കുന്ന കരുത്ത്‌ ആവാഹിച്ചെടുത്ത്‌ നീന്തി. പക്ഷേ തളര്‍ന്ന കൈകാലുകള്‍ക്ക്‌ എത്തിച്ചേരാനാകാത്ത അകലത്തില്‍ ഏകദേശം മൂന്ന്‌ കിലോമീറ്റര്‍ അകലെക്കൂടി കപ്പല്‍ കടന്നുപോയി. നോക്കെത്താദൂരത്തോളം വരുന്ന കടല്‍പ്പരപ്പില്‍ വീണ്ടും തനിച്ച്‌....
ഒന്നും സംഭവിക്കാതെ ആ പകല്‍ കടലില്‍ താണുപോയി. വരണ്ടുണങ്ങിയ ശരീരത്തിന്‌ ആശ്വാസമായി രാത്രി കടലിനെപ്പൊതിഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കല്‍ക്കാറ്റേറ്റ്‌ ക്ഷീണിച്ച ശരീരം വിറയ്‌ക്കാന്‍ തുടങ്ങി. ആ രാത്രി കടന്നുകിട്ടില്ല എന്ന്‌ മനസ്സില്‍ പലപ്പോഴും തോന്നി. ഏതെങ്കിലും ബോട്ടുകള്‍ കാണുമെന്ന്‌ പ്രതീക്ഷ അപ്പോഴും ബാക്കി നിന്നിരുന്നു.

ഏപ്രില്‍ 18 ഞായര്‍

സൂര്യന്‍ ഉദിച്ചുവന്നപ്പോള്‍ ആദ്യം പരിശോധിച്ചത്‌ അടുത്തെവിടെയും ജീവന്റെ ലക്ഷണങ്ങളുണ്ടോ എന്നായിരുന്നു. പ്രത്യേകിച്ചൊന്നും ശ്രദ്ധയില്‍പെട്ടില്ല. രാവിലെ 7 മണിയായപ്പോള്‍ കുറച്ചകലെ ഒരു ബോട്ട്‌ പ്രത്യക്ഷപ്പെട്ടു. തോന്നലാണോ... അറിയില്ല. കണ്ണുതിരുമ്മി വീണ്ടും നോക്കി. അതെ ഒരു ബോട്ടുതന്നെ....!
തൊണ്ടയില്‍ നിന്ന്‌ ഒരു ഞരക്കം പോലും പുറത്തുവരുന്നില്ല. എങ്കിലും ബോട്ടിനുനേരെ നീന്തിക്കൊണ്ട്‌ എന്തെങ്കിലും ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ചു. അവസാനം തൊണ്ടയില്‍ നിന്ന്‌ നിലവിളിപോലെ പ്രാകൃതമായ ഒരു ശബ്ദം പുറത്തുവന്നു. ഭാഗ്യത്തിന്‌ കാറ്റ്‌ ബോട്ടിനുനേരെയായിരുന്നു. ബോട്ടിലുള്ള ആരോ ഒരാള്‍ അത്‌ കേട്ടിരിക്കണം. ശരീരം തളരുന്നത്‌ അറിയുന്നുണ്ടായിരുന്നു. ഒപ്പം ബോട്ട്‌ തിരിക്കുന്നതും കണ്ടു. ബോട്ടിലേക്ക്‌ വലിച്ചെടുക്കുമ്പോള്‍ ബോധം മറയുകയായിരുന്നു. ശരീരമൊക്കെ തിരുമ്മി ചൂടാക്കിയപ്പോള്‍ കുറച്ചുകഴിഞ്ഞ്‌ കണ്ണ തുറക്കാമെന്ന്‌ സ്ഥിതിയായി. തളര്‍ന്ന ശബ്ദത്തില്‍ കപ്പലിടിച്ച കാര്യം അവരോട്‌ പറഞ്ഞു. പിന്നെ നേരെ ആശുപത്രിയിലേക്ക്‌.
"ഉയിര്‌ എനക്ക്‌ മട്ടുംതാന്‍.... ആന്‍്‌ഡ്രൂസ്‌ പോയി.... " ജോണ്‍ വികാരധീനനാകുന്നു. "ബാക്കി എല്ലാവരും രക്ഷപ്പെടുമോ?"

മാര്‍ക്വേസ്‌ വിവരിക്കുന്ന സംഭവകഥയില്‍ 10 ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ കടലില്‍ ഒറ്റപ്പെട്ട നാവികന്‍ ലൂയി അലജാന്‍ഡ്രോ വെലാസ്‌കോ കരയിലേക്ക്‌ നീന്തിയെത്തിയത്‌. ഞങ്ങള്‍ ജോണിനോട്‌ പറഞ്ഞു.

" അപ്പടി നിനയ്‌ക്കലാം...." ജോണ്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു.

മാര്‍ക്വേസിന്റെ നാവികന്‌ കടലില്‍ രക്ഷയ്‌ക്ക്‌ ചെറുതെങ്കിലും ഒരു ചങ്ങാടമുണ്ടായിരുന്നു എന്ന കാര്യം തിരിച്ചിറങ്ങുന്നതുവരെയും ഞങ്ങള്‍ ജോണിനോട്‌ പറഞ്ഞതേ ഇല്ല.....





Tuesday 14 September, 2010

2003 ലെ ഒരു പഴയ സ്റ്റോക്ക്‌





കോഴിക്കോടിന്റെ ഫയല്‍വാന്‍മാര്‍


ചുവന്ന പൊടിമണ്ണ തരിയില്ലാതെ കുഴച്ചെടുക്കണം! മേമ്പൊടിയായി എണ്ണയും നെയ്യും പച്ചമരുന്നുകളും കുങ്കുമവും ചേര്‍ക്കാം. ഉപ്പ്‌ പയറ്റിയ നിലത്താണ്‌ വിശിഷ്ടമിശ്രിതം വിരിക്കുന്നത്‌. ഇത്രയും തയ്യാറായാല്‍ പിന്നെ ഗ്രാമം കാതോര്‍ക്കുകയാണ്‌ ആരവങ്ങള്‍ക്കായി.

ഗ്രാമത്തിന്റെ ആ നെഞ്ചിടിപ്പിക്കുന്ന ആകാംക്ഷയിലേക്കും കാതടക്കങ്ങളിലേക്കുമാണ്‌ നാട്ടുപ്രമാണിമാരുടെ അകമ്പടിയോടെ അവര്‍ വരുന്നത്‌.
ഉറച്ച കൈപ്പലകകള്‍ നേര്‍രേഖയില്‍ വീശി, നെഞ്ചളവിന്റെ വിശാലതയില്‍ തോട്ടുവക്കില്‍ നനഞ്ഞുനില്‍ക്കുന്ന പെണ്ണിനെ നാണിപ്പിച്ചുകൊണ്ട്‌ ഫയല്‍വാന്‍.

പിന്നെ നാട്ടുകൂട്ടങ്ങള്‍ക്ക്‌ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്ത പരസ്യവും രഹസ്യവുമായ വാശികള്‍ക്ക്‌ ഗോദയില്‍ തീര്‍പ്പാണ്‌ . ആവേശം അണപൊട്ടിയൊഴുകും. കൈക്കരുത്തിന്റെയും തന്ത്രങ്ങളുടെയും പിന്‍ബലത്തില്‍ എതിരാളിയെ മലര്‍ത്തണം. വിയര്‍പ്പും പൊടിമണ്ണും വാശിയും കരുത്തും ഒന്നാകുമ്പോള്‍ മല്ലന്മാര്‍ക്കൊപ്പം ചുറ്റും കൂടിനില്‌ക്കുന്നവരും ചുവന്നുവരും.
ഒടുവില്‍ ഗോദയില്‍ നിന്ന്‌ നാട്ടുകാരുടെ ചുമലിലേറി ഒരാള്‍മാത്രം പുറത്തുവരും. ഒരാള്‍ മാത്രം. അടുത്ത അവസരത്തിനായി എണ്ണം കുറിച്ചിട്ട്‌ അപരന്‍ പിന്മാറും.നിശബ്ദനായി.
അതൊരു കാലം!

പിന്നെപ്പിന്നെ കേരളത്തിന്റെം സാമൂഹ്യഭൂപടത്തില്‍ നിന്ന്‌ പൊടിമണ്ണിന്റെ ഗോദയും ഫയല്‍വാന്മാരും അപ്രത്യക്ഷരായി.. പുതിയ തലമുറയ്‌ക്ക്‌ മുന്നില്‍ " ഒരിടത്തൊരു ഫയല്‍വാന്‍" എന്ന സിനിമയിലൂടെ ചലച്ചിത്രകാരന്‍
പത്മരാജന്‍ വരച്ചിട്ട ചിത്രങ്ങള്‍ മാത്രം. "നിന്റെ മുത്തച്ഛനൊരു ഫയല്‍വാനായിരുന്നു" എന്ന്‌ പറയാന്‍ കഥകളില മുത്തശ്ശിമാര്‍ മാത്രം.
കേബില്‍ ടിവിയിലെ WWF നാടകങ്ങള്‍ കണ്ട്‌ വാ പൊളിക്കുന്ന കുഞ്ഞുങ്ങള്‍ക്കറിയില്ല സ്വന്തം നാട്ടിലെ അരയാലിന്റെ ചുവട്ടില്‍ റീ ടെയ്‌ക്കിന്റെ സാങ്കേതിക സൗകര്യമില്ലാതെ മല്ലന്മാര്‍ പോരടിച്ച കഥകള്‍. കാലത്തിനൊപ്പം ആ ഫയല്‍വാന്മാരും അപ്രത്യക്ഷരായിരിക്കുന്നു.

ദാസന്‍ ആശാനും കോഴിക്കോട്‌ ജിംനേഷ്യവും

കോഴിക്കോടിന്റെ ഫയല്‍വാന്മാരിലെ അവസാനകണ്ണികളെ തേടിയുള്ള ഏത്‌ യാത്രയും അവസാനിക്കുന്നത്‌ ദാസന്‍ ആശാനിലാണ്‌.കരുത്തുറ്റ ഭൂതകാലത്തിന്റെ ആവേശം കണ്ണുകളില്‍ പോരടിക്കുന്ന ഈ വൃദ്ധന്റെ ശിഷ്യന്മാരാണ്‌ ഒരു നഗരത്തിന്റെ പൗരുഷപ്രതാപവുമായി കേരളത്തിലങ്ങോളമിങ്ങോളം എ്ണ്ണമറ്റ ഗോദകളെ ഹരം പിടിപ്പിച്ചിരുന്നത്‌.

ഇന്ത്യക്ക്‌ സ്വാതന്ത്യം ലഭിക്കുന്നതിന്‌ മുന്‍പുള്ള കാലം.കരിവണ്ടികള്‍ കൂകിയാര്‍ത്തിരുന്ന കോഴിക്കോട്‌ നാലാംഗെയിറ്റി
ന്‌ സമീപം നഗരത്തിലെ ആദ്യത്തെ ജിംനേഷ്യം പ്രവര്‍ത്തനമാരംഭിച്ചു.
അരനൂറ്റാണ്ടിനിപ്പുറം കോഴിക്കോട്‌ ജിംനേഷ്യത്തിന്റെ ജരാനരകള്‍ ബാധിച്ച പഴയ ഇരുമ്പ്‌ ഗെയിറ്റ്‌ തുറന്ന്‌ ചന്ദനത്തിരിയും കര്‍പ്പൂരവും മണക്കുന്ന പവിത്രതയിലേക്ക്‌ കാലെടുത്ത്‌ വെക്കുമ്പോള്‍ ദാസന്‍ ആശാന്‍ നിവര്‍ന്നിരിക്കുന്നു.

തന്റെ കാലത്ത്‌ ഗുസ്‌തിക്ക്‌ ലഭിച്ച പരിഗണനയ്‌ക്ക്‌ കാരണം അന്ന്‌ ഗുസ്‌തിയുടെ കേരളകോച്ചായിരുന്ന തിരുവനന്തപുരത്തുകാരന്‍ സുകുമാരന്‍ നായരാണെന്ന്‌ ദാസേട്ടന്‍.
കോഴിക്കോടിന്റെ ഗുസ്‌തിയെ പുഷ്ടിപ്പെടുത്താനായി നാടും വീടും വിട്ട്‌ അലഞ്ഞിരുന്ന ആ നല്ല മനുഷ്യന്റെ ഓര്‍മ്മകള്‍ പൂജാമുറിയിലെ ഒരു പഴയ ഫോട്ടോയിലാണ്‌ ദാസേട്ടന്‍ സൂക്ഷിച്ചിരിക്കുന്നത്‌.
പണ്ട്‌ കോഴിക്കോടിന്റെ ഓരോ മാമ്പഴക്കാലവും ഗുസ്‌തിയുടെ മധുരംകൂടി കാത്തുവെച്ചിരുന്നുവത്രേ. മാങ്ങ വാങ്ങാന്‍ വടക്കേ ഇന്ത്യയില്‍ നിന്നെത്തുന്ന മൊത്തക്കച്ചവടക്കാര്‍ ബീച്ച്‌ റോഡിലും വണ്ടിപ്പേട്ടയിലും മണ്ണ കുഴച്ച്‌ ഗോദയുണ്ടാക്കും. പിന്നെ പണം വെച്ച്‌ ഗുസ്‌തിപിടുത്തമാണ്‌.
അതൊക്കെ ഒരു കാലം.
ഇന്ത്യന്‍ ഗുസ്‌തി
യുടെ നാഷണല്‍ റഫറിയായിരുന്ന ദാസേട്ടന്‍ കോഴിക്കോട്ടെ എട്ട്‌ സ്‌പോര്‍ട്‌സ്‌ അസോസിയേഷനുകളുടെ ഭാരവാഹിയായിരുന്നു. പിന്നെ എല്ലാരംഗത്തുമെന്നപോലെ സ്‌പോര്‍ട്‌സിലും രാഷ്ട്രീയം കലര്‍ന്നതോടെ ദസേട്ടന്‍ രംഗം വിട്ടു. ഇപ്പോള്‍ ഹനുമാന്‍ സേവയും ആധ്യാത്മകതയുമായി ജിംനേഷ്യത്തിന്റെ മരബഞ്ചില്‍.

മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മഴ ആര്‍ത്തുപെയുന്ന ഒരു പുലര്‍കാലത്താണ്‌ ജിംനേഷ്യത്തിന്റെ മേല്‍ക്കൂര നടുവൊടിഞ്ഞ്‌ വീണത്‌.ഭാഗ്യത്തിന്‌ കുട്ടികളൊന്നും എത്തിത്തുടങ്ങിയിരുന്നില്ല. ഇന്നിപ്പോള്‍ പിഞ്ഞിത്തുടങ്ങിയ നീല ടാര്‍പോളിന്റെ പുതപ്പണിഞ്ഞ്‌ ജിംനേഷ്യം.
"പലരും സഹായിക്കാമെന്നൊക്കെ പറഞ്ഞിരുന്നു. ഇനിയിപ്പോ പ്രതീക്ഷകളൊന്നുമില്ല." ദാസേട്ടന്‍ നെടുവീര്‍പ്പിട്ടു. ഈ ബാക്കി ഗുസ്‌തി ചരിത്രമൊക്കെ തന്റെ ശിഷ്യന്‍മാര്‍ പറഞ്ഞുതരുമെന്ന്‌്‌ ദാസേട്ടന്‍. ക്ലാസുകള്‍ തുടങ്ങാനായിരിക്കുന്നു.
ശരീരമുറപ്പിക്കാനെത്തുന്ന പുതുതലമുറക്കാര്‍ ആദരവോടെ വണങ്ങി അകത്തുകയറുന്നു. ഇങ്ങനെ വന്നുചേര്‍ന്നവര്‍ എത്ര തലമുറകള്‍....
ദാസേട്ടന്‍ കാത്തിരിക്കുകയാണ്‌ ഇനിയും വരാനുള്ളവര്‍ക്കായി.

ആദ്യത്തെ മിസ്റ്റര്‍ കേരള

ജീവിതത്തിന്റെ ഗോദയില്‍ തോറ്റ മുഖങ്ങളെതേടി, കോവൂരിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. കോഴിക്കോട്‌ മെഡിക്കല്‍ കോളെജിനടുത്ത്‌ കോവൂരിലെ വരണ്ട കുന്നിന്‍മുകളിലെത്താന്‍ മെറ്റലിളകിയ റോഡുമായി അല്‌പം ഗുസ്‌തിപിടിക്കേണ്ടിവന്നു. ജില്ലാ ഗുസ്‌തി അസോസിയേഷന്‍ സെക്രട്ടറി പി ടി സുന്ദരനാണ്‌ വഴികാട്ടി.
മണ്‍നിറമുള്ള വീടിനകത്തുനിന്ന്‌ ഇറങ്ങിവന്ന, ലുങ്കിമാത്രമുടുത്ത മനുഷ്യനെ കണ്ണെടുക്കാതെ നോക്കി. പ്രായം 50 കഴിഞ്ഞെങ്കിലും വടക്കന്‍ പാട്ടുകളിലെ ചേകവന്മാരുടെ അംഗവര്‍ണ്ണനകള്‍ ഒട്ടും അധികമാവില്ല.
"ഗുസ്‌തി മാത്രമല്ല, ആളൊരു പഴയ മിസ്റ്റര്‍ കേരള കൂടിയാ" സുന്ദരന്‍ പറഞ്ഞു.
സംസാരിച്ച്‌ തുടങ്ങിയപ്പോള്‍ ഗുസ്‌തിക്കാര്‍ക്ക്‌ നിര്‍ബന്ധമില്ലാത്ത ആ ശരീരവടിവുകള്‍ക്ക്‌ പിന്നിലെ വര്‍ഷങ്ങള്‍ നീണ്ട സാധനയുടെ കഥകള്‍ പുറത്തുവന്നു.
കോവൂരിലെ കല്ലുചെത്ത്‌ തൊഴിലാളിയായിരുന്ന കുഞ്ഞാലുവിന്റെ രണ്ട്‌ ആണ്‍മക്കള്‍ക്കും ചെറുപ്പത്തില്‍തന്നെ ചെങ്കല്ലിന്‌ ആകാരവടിവ്‌ കല്‌പിച്ച്‌ നല്‌കുന്നഅച്ഛന്റെ തൊഴിലിനോട്‌ താല്‌പര്യക്കുറവ്‌. പകരം ശ്രദ്ധ സ്വന്തം ശരീരമിനുപ്പുകളില്‍.
ചേട്ടന്‍ പി കെ ബാപ്പുട്ടി അന്നുതന്നെ ഭാരദ്വേഹനത്തില്‍ ആകൃഷ്ടനായി ആ വഴിക്കുതിരിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ ആദ്യത്തെ ഇ എം എസ്‌ മന്ത്രിസഭയുടെ കാലത്ത്‌ സംസ്ഥാനഗുസ്‌തി ചാമ്പ്യനായി. ഗവര്‍ണര്‍ രാമകൃഷ്‌ണ റാവുവിന്റെ കൈയില്‍ നിന്ന കപ്പ്‌ വാങ്ങിയ ധീരന്‌ നാട്ടില്‍ വീരോചിത വരവേല്‍പ്‌.
ഏട്ടന്റെ വീരകഥകള്‍ കേട്ട്‌ അനിയന്‌ നിലയ്‌ക്കാത്ത ആവേശം. പക്ഷേ ജീവനില്ലാത്ത ഭാരങ്ങള്‍ എടുത്തുപൊക്കുന്നതിലും വലിയ ത്രില്‍ ഗുസ്‌തിക്കളത്തിലെ മല്ലന്മാരെ എടുത്തെറിയുന്നതിലാണെന്ന തിരിച്ചറിവ്‌ ഗോദകളില്‍ നിന്ന്‌ ഗോദകളിലേക്ക്‌ നയിച്ചു.
"ഗുസ്‌തീന്റെ അതേ ശ്രദ്ധ ഞാന്‌ ബോഡി ബില്‍ഡിഗിലും കൊടുത്തൂ. ഗുസ്‌തി അപ്പോഴത്തെ ആവേശേ ഉള്ളൂ. ജീവിതത്തില്‍ എന്തെങ്കിലും ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ അത്‌ ബോഡി ബില്‍ഡിംഗ്‌ കൊണ്ടാ."

അനുഭവങ്ങള്‍ വാക്കുകളെ സാക്ഷ്യപ്പെടുത്തുന്നു. 1976 ല്‍ മിസ്റ്റര്‍ കേരള പട്ടം. അതേ വര്‍ഷംതന്നെ ഡാര്‍ജിലിംഗില്‍ നടന്ന മിസ്റ്റര്‍ ഹിമാലയ മത്സരത്തില്‍ രണ്ടാം സ്ഥാനം. അങ്ങനെ നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ പ്രമുഖ പത്രത്തില്‍ വാര്‍ത്തവരുന്നു.

മിസ്റ്റര്‍ കേരളയ്‌ക്ക്‌ തൊഴിലില്ല!

വാര്‍ത്തയ്‌ക്കൊപ്പം മിസ്റ്റര്‍ കേരളയെന്ന്‌ ആലേഖനം ചെയ്‌ത റിബണ്‍ ധരിച്ച്‌ നില്‌ക്കുന്ന വേലായുധന്റെ ചിത്രവും.

ഈ വാര്‍ത്ത കണ്ടാണ്‌ അന്ന്‌ സംസ്ഥാന മന്ത്രിയായിരുന്ന എ എല്‍ ജേക്കബ്‌ തിരുവനന്തപുരത്തേക്ക്‌ വിളിപ്പിക്കുന്നത്‌.
അന്ന്‌ പി എന്‍ ടിയിലോ എസ്‌ ആര്‍ പിയിലോ ജോലിക്ക്‌ ചേര്‍ന്നോളാന്‍ പറഞ്ഞു. പക്ഷേ സ്‌പോര്‍ട്‌സ്‌ ക്വാട്ടയില്ല നിയമനം. ജോലിക്ക്‌ ചേര്‍ന്നാല്‍ പിന്നെ ഗുസ്‌തിപിടിച്ച്‌ കറങ്ങിനടക്കാന്‍ കഴിയില്ല. ജോലിക്ക്‌ ചേരാതെ കോഴിക്കോട്ടേയ്‌ക്ക മടങ്ങി.
പിന്നീട്‌ പലപ്പോഴും ജീവിതത്തിന്റെ ഗോദയില്‍ പൊരുതി നില്‍ക്കാന്‍ പാടുപെട്ടപ്പോഴൊക്കെ ഈ തീരുമാനത്തെ പഴിച്ചിട്ടുണ്ട്‌ വേലായുധന്‍.

പത്രത്തില്‍ നിന്ന്‌ വെട്ടിയെടുത്ത്‌ ചുമരില്‍ ചില്ലി്‌ട്ടടച്ച പഴയ ചിത്രത്തില്‍ മസിലുകളുടെ പെരുമഴയുമായി പി കെ വേലായുധന്‍ എന്ന ചെറുപ്പക്കാരന്‍.

ജിംനേഷ്യത്തില്‍ പോകണമെന്ന്‌ ഏകമകന്‍ വാശിപിടിച്ചപ്പോള്‍ വേണ്ടെന്ന്‌ തറപ്പിച്ച്‌ പറയാന്‍ ജീവിത അനുഭവപാഠങ്ങള്‍ ഈ പഴയ ഫയല്‍മാനെ പഠിപ്പിച്ചിരിക്കുന്നു.

നിങ്ങള്‍ക്ക്‌ ഏട്ടനെ കാണേണ്ടെ? താഴെയാണ്‌ വീട്‌, ആള്‍ സുഖമില്ലാതെ കിടക്കുകയാണ്‌. ഉരുളന്‍ കല്ലുകള്‍ ഫയല്‍വാന്‍മാരെ പോലെ തലയുയര്‍ത്തി നില്‌ക്കുന്ന ഇടവഴിയിലേക്ക്‌ ഇറങ്ങിനടക്കുമ്പോള്‍ വേലായുധന്‍ പെട്ടെന്ന്‌ വഴിതടയുന്നു.
"അനങ്ങാതെ
നില്‌ക്കീ ഞാനിതാ വരുന്നു."
പറമ്പിലേക്ക്‌ ചാടിക്കയറി കല്ലുകള്‍ പെറുക്കിയെടുത്ത്‌ തുരുതുരാ ഏറാണ്‌. മണ്ണില്‍ പുതഞ്ഞ്‌ കിടന്ന കുറുക്കന്‍ കൂട്ടം ഓടിമറഞ്ഞു.
ശ്ര്‌ദ്ധച്ചില്ലെങ്കീ പഹയന്‍മാര്‍ കു്‌ട്ടികളെ കടിച്ചുകുടയും.
ചെറിയ ഇറക്കം കഴിഞ്ഞ്‌ പഴമ മണക്കുന്ന വീടിന്റെ ഉമ്മറത്തേക്ക്‌ കയറി. അകത്തേക്ക്‌ വീടിനകത്തുനിന്നൊരു സ്‌ത്രീ ശബ്ദം ക്ഷണിച്ചു.
കട്ടിലില്‍ അസ്ഥിപഞ്ചരമായ ഒരു പകുതി ശരീരം. അടുത്തുവെച്ചിരിക്കുന്ന റേഡിയോയില്‍ നിന്ന്‌ പഴയ സിനിമാഗാനത്തിന്റെ ദുഖ സാന്ദ്രമായ ഈണം.
പ്രമേഹം കൂടിയപ്പോ രണ്ട്‌ കാലും മുറിച്ചു.

പ്രയാസപ്പെട്ട്‌ എണീക്കാനുള്ള ശ്രമം. ചുമലില്‍ താങ്ങുനല്‌കിയപ്പോള്‍ ഓര്‍ത്തത്‌ തൂവല്‍പോലെ ശോഷിച്ച ഈ ശരീരമാണല്ലോ കനത്ത ഉരുക്കുവളയങ്ങളെ ആകാശത്തേക്കുയര്‍ത്തി ഗവര്‍ണറില്‍ നിന്ന്‌ കീര്‍ത്തിമുദ്രകള്‍ നേടിയത്‌ എന്നായിരുന്നു.
പഴയ വീരചരിതത്തിന്‌ ഇപ്പോള്‍ തെളിവുകളൊന്നും അവശേഷിക്കുന്നില്ല.
"ഞങ്ങള്‍ പെരുമ്പാവൂരായിരുന്നപ്പോ കുറക്കാലം വീടു പൂട്ടിയിട്ടിരിക്കുയായിരുന്നു. തിരിച്ചുവന്നപ്പോഴേക്കും എല്ലാം ചെതലെടുത്തു. ഗവര്‍ണര്‍ തന്ന സര്‍ട്ടിഫിക്കറ്റ്‌, കാലിക്കറ്റ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ 1962ല്‍ തന്ന സര്‍ട്ടിഫിക്കറ്റ്‌, കലക്ടറായിരുന്ന ആര്‍ ഗോപാലസ്വാമിയോടൊത്ത്‌ നിന്ന എടുത്ത ഫോട്ടോ എല്ലാം നശിച്ചുപോയി. ' നഷടങ്ങള്‍ക്കെപ്പോഴും കണ്ണീരിന്റെ നനവാണ്‌.
സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ ഒരു സഹായത്തിന്‌ അപേക്ഷിക്കാന്‍ കൂടി വയ്യ." ശബ്ദം കൂടുതല്‍ ക്ഷീണിച്ചുവരുന്നു.
യാത്രപറഞ്ഞ കുന്നിറങ്ങുമ്പോള്‍ ഞങ്ങളും തളര്‍ന്നിരുന്നു.
കൈത്തണ്ടയുടെ കരുത്തില്‍ കാലത്തെ വിറപ്പിച്ചിരുന്ന രണ്ടുപേര്‍ ഇവിടെ ഈ കുറുക്കന്‍മാര്‍ ഇരതേടുന്ന കുന്നിന്‍മുകളില്‍, ഭാവിയെക്കുറിച്ച്‌ സ്വപ്‌നങ്ങളൊന്നുമില്ലാതെ അങ്ങനെ അങ്ങനെ....
പൊറ്റമ്മല്‍ വല്‍സന്‍
ഒരിടത്ത്‌ ഒരിടത്തുള്ള മറ്റൊരു ഫയല്‍വാനെ തേടിയിറങ്ങുകയായിരുന്നു പിന്നെ.
പൊറ്റമ്മല്‍ അങ്ങാടിലേക്കുള്ള ഇറക്കമിറങ്ങിച്ചെല്ലുന്നിടത്താണ്‌ വല്‍സേട്ടന്റെ ബേക്കറി. കട പെയിന്റടിച്ച്‌ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി മധുരപലഹാരങ്ങളൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. കാലിയായ കട നിറഞ്ഞ്‌ വല്‍സേട്ടനിരിക്കുന്നു.

അപ്പോള്‍ ഇതാണ്‌ പൊറ്റമ്മല്‍ വല്‍സന്‍. ഒരിടത്തൊരു ഫയല്‍വാനിലെ നായകന്‍ റഷീദിനെ യഥാര്‍ത്ഥ ഗോദയില്‍ മലര്‍ത്തിയവന്‍
പഴയ ഗുസ്‌തിക്കാരെയൊക്കെ അന്വേഷിച്ച്‌ പത്രത്തീന്ന്‌ ആളു വര്വേ? വല്‍സേട്ടന്‌ അദ്‌ഭുതം.
മുന്‍നിരയിലെ പല്ലുകളില്‍ രണ്ടെണ്ണം കുറവ്‌.
പി കെ വേലായുധനുമായി പണ്ട്‌ പിടിച്ചപ്പോള്‍ മൂപ്പര്‌ തലോണ്ട്‌ കുത്തിയതാ" ഉറക്കെയുള്ള ചിരി അകമ്പടിയായെത്തുന്നു.

"മനക്കരുത്തും ശ്രദ്ധയുമാണ്‌ പ്രധാനം. എതിരാളികളുടെ വേഗത ഉപയോഗിച്ച്‌ അവനെത്തന്നെ മലര്‍ത്തണം. അതാണ്‌ തന്ത്രം. അതില്‍ ജയിക്കുന്നവര്‍ വിജയി.
പണ്ട്‌ മകള്‍ക്ക്‌ സുഖമില്ലാതെ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ മുങ്ങി ഞാനൊരു ഗുസ്‌തിക്ക്‌ പോയി. മനസ്സില്ലാത്തിടത്ത്‌ ജയമില്ല എന്ന്‌ അന്ന്‌ മനസ്സിലായി."

സിനിമയിലെ ഗുസ്‌തിക്കാരെന ജീവിതത്തില്‍ തറപറ്റിച്ച കഥ? ആകാക്ഷ അടക്കാനാവുന്നില്ല.
"റഷീദ്‌ തിരുവനന്തപുരത്തുകാരനാ. ഒരിക്കല്‍ ഞാനവിടെ പോയി റഷീദുമായി പിടിച്ചു. അ്‌ന്ന്‌ മൂപ്പര്‌ എന്നെ എടുത്തടിച്ചു. എണ്ണം വെച്ച്‌ കാത്തിരുന്നു. കോട്ടയത്ത്‌ വെച്ചാണ്‌ പിന്നീട്‌ നേര്‍ക്കുനേര്‍ കാണുന്നത്‌. അന്ന്‌ എന്റെ ദെവസം. റഷീദ്‌ പതറിപ്പോയി."

ആ സിനിമ കണ്ടിരുന്നോ?
"സാധാരണ സിനിമയ്‌ക്ക്‌ പോകാത്തതാ എന്നാലും മുഴുവന്‍ കണ്ടില്ല. ഗുസ്‌തീന്റെ ഭാഗങ്ങളൊക്കെ നല്ലോണം കണ്ടു.
ഗോദയില്‍ നിന്നേറ്റ്‌ പരുക്കുകളുടെ മുദ്ര വല്‍സേട്ടന്റെ വലതുകൈ മസിലില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്നു. ഇതും ഫയല്‍വാന്‌ കിട്ടുന്ന സമ്മാനാ."
വീണ്ടും അതേ പഴയ ചിരി.
ഈ മുദ്രകളല്ലാതെ ജീവിതം എന്താണ്‌ ബാക്കി വെച്ചിട്ടുള്ളത്‌?

വിദ്യേട്ടന്‍. ഓര്‌ ഫയല്‍വാനാ?

ഓര്‍മ്മകളില്‍ പരതി സുന്ദരേട്ടന്‍ പിന്നെ ലിസ്റ്റ്‌ ചെയ്യുന്നത്‌ പി ടി വിദ്യാധരനെയാണ്‌.
കോഴിക്കോട്‌ ക്രിസ്‌ത്യന്‍ കോളെജിന്‌ സമീപത്ത്‌ പോയി ഗുസ്‌തിക്കാരന്‍ പി ടി വിദ്യാധരെനെ അന്വേഷിച്ചാല്‍ കാലം പോലും ചിലപ്പോള്‍ കൈമലര്‍ത്തും.

ഓയില്‍ കട നടത്തുന്ന മര്‍ച്ചന്റ്‌ നേവിയിലായിരുന്ന വിദ്യാധരന്‍?

"ഓ നമ്മളെ വിദ്യേട്ടന്‍. ഓര്‌ ഫയല്‍വാനാ?" കണ്ണുകളില്‍ അദ്‌ഭുതം.
എഞ്ചിനോയിലിന്റെ ടിന്നുകളും സിഗരറ്റ്‌ കൂടുകളും നിരത്തിവെച്ച കൗണ്ടറില്‍ പി ടി വിദ്യാധരന്‍ എന്ന പഴയ. സംസ്ഥാന ചാമ്പ്യന്‍.
തലശ്ശേരി മലയാളത്തിലുള്ള അനുഭവങ്ങളുടെ ഒഴുക്കിനെ സിഗരറ്റിനും ബീഡിക്കുമായി ഇടയ്‌ക്കിടക്ക്‌ കടയിലെത്തുന്ന കസറ്റമേഴ്‌സ്‌ തടസ്സപ്പെടുത്തുന്നു.
ധര്‍മ്മടത്തിനടുത്തുള്ള എടക്കാട്‌ നിന്നാണ്‌ ചെറുപ്രായത്തില്‍ തന്നെ വിദ്യാധരന്‍ കുടുംബത്തോടൊപ്പം കോഴിക്കോടെത്തിയത്‌. അക്കാലത്ത്‌ ശരീരത്തില്‍ താല്‌പര്യമുള്ള എല്ലാവരെയും പോലെ ബാല്യം ദാസനാശ്ശാന്റെ ജിമ്മില്‍ . സുകുമാരന്‍ നായരായിരുന്നു ഗുരു. 1966 - 67 വര്‍ഷങ്ങളില്‍ സ്‌ംസ്ഥാന ചാമ്പ്യനായിരുന്നു പി ടി വിദ്യാധരന്‍. 67 ല്‍ നടന്ന്‌ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു. പക്ഷേ നാടുകാണാനുള്ള അടങ്ങാത്ത ആഗ്രഹം മര്‍ച്ചന്റ്‌ നേവിയിലാണ്‌ എത്തിച്ചത്‌. ഇപ്പോള്‍ ലോകം ഈ കടയില്‍.
"ഗുസ്‌തിയുമായി നടന്നിരുന്നെങ്കില്‍ വഴിയാധാരമായേനെ...."

"കപ്പലില്‍ വെച്ച്‌ ഗ്രീക്കുകാര്‍ വന്ന്‌ ചോദിക്കും റ്‌സ്‌്‌ലര്‍ ആണോ എന്ന്‌. ശരീരഘടന കണ്ട്‌ അവര്‍ എളുപ്പം തിരിച്ചറിയും. ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കുമ്പോഴും അവര്‍ക്കറിയാം. കൈകൊടുക്കുമ്പോള്‍ കൈ മാത്രമല്ല മനസ്സും അറിയണം." വിദ്യേട്ടന്‍ കൈപിടിച്ച്‌ കുലുക്കി ചിരിക്കുന്നു. അരനൂറ്റാണ്ടിലധികം പഴക്കമുള്ള കൈകള്‍ക്ക്‌ ഇപ്പോഴും ഇരുമ്പിന്റെ കരുത്ത്‌. കൈ ഉഴിഞ്ഞ്‌ പുറത്തേക്ക്‌ നടക്കുമ്പോള്‍ കരുതി ജിംനേഷ്യത്തില്‍ ചേരണം.

എടക്കാട്‌ ബാലകൃഷ്‌ണന്‍.

ഇനി യാത്ര എ കെ ബാലകൃഷ്‌ണനെ തേടിയാണ്‌. പഴയൊരു സര്‍ക്കസ്സുകാരനും നാ്‌ട്ടിലെ അറിയപ്പെടുന്ന ജിനാസ്റ്റുമൊക്കെയായി പേരെടുത്ത ആളാണ്‌ എടക്കാട്‌ ബാലകൃഷ്‌ണന്‍.
ഇന്നത്തെ ഒറ്റ്‌ റിംഗ്‌ സര്‍ക്കസിന്റെ വല്യേട്ടനായിരുന്ന കമലാ ത്രീ റിംഗ്‌ സര്‍ക്കസിലൂടെയായിരുന്നു തുടക്കം.
അമ്മയുടെ മരണമാണ്‌ 14 ാം വയസ്സില്‍ സര്‍ക്കസിലെത്തിക്കുന്നത്‌. മൂന്ന്‌ വര്‍ഷത്തെ കടുത്തപരീശീലനത്തിന്‌ ശേഷം റിംഗിലിറങ്ങി. ബാലകൃഷ്‌ണ്‍ പറഞ്ഞുതുടങ്ങി.
സര്‍ക്കസ്‌ വിട്ടതിന്‌ ശേഷമാണ്‌ സുകുമാരന്‍ നായരുടെ കീഴില്‍ ഗുസ്‌തി പരീശീലനം.

"അന്നൊക്കെ ഏത്‌ എക്‌സിബിഷനും ഗുസ്‌തിയും ജിംനാസ്റ്റിക്കുമൊക്കെയാണ്‌ സൈഡ്‌ പരിപാടി. ഇന്നത്‌ ഗാനമേളയും മിമിക്‌സുമല്ലേ... ശരിയായ പരിശീലനത്തിന്റെ കാലവും പോയി. ഇപ്പോള്‍ മള്‍ട്ടി ജി്‌മ്മില്‍ പോയി എന്തെങ്കിലും കാട്ടിക്കൂട്ടണം. അത്രയേ ഉള്ളൂ ആളുകള്‍ക്ക്‌ " ബാലകൃഷ്‌ണേട്ടന്‌ രോഷം അടക്കാനാകുന്നില്ല.


അര്‍ജുന അവാര്‍ഡ്‌ ജേതാവായ ബിശ്വംഭര്‍ സിംഗിന്റെ ഡല്‍ഹിയിലെ കളരിയില്‍ പോയപ്പോഴാണ്‌ കണ്ണുതള്ളിയത്‌...
"ഒരേക്കര്‍ സ്ഥലത്താണ്‌ ഗുസ്‌തി പാഠശാല. എട്ടുവയസ്സുമുതല്‍ കുട്ടികള്‍ അവിടെ താമസിച്ച്‌ പഠിക്കും. എണ്ണ തേച്ചുള്ള മസാജ്‌, ഹനുമാന്റെ അമ്പലത്തിലെ പൂജ, പശുവിനെക്കറന്ന്‌ ബദാം അരച്ച്‌ ചേര്‍ത്ത പാല്‌ തയ്യാറാക്കല്‍, ഗോദയിലെ മണ്ണ്‌ കിളയ്‌ക്കല്‍, എല്ലാം കുട്ടികള്‍തന്നെ ചെയ്യും. ഇവടെ ആണെങ്കീ ഒരു കസേര പടിച്ചിടാന്‍ പറഞ്ഞാ പിന്നെ ആ ചെറുക്കനെ പിന്നെ കാണൂല..."
"ബിശ്വംഭര്‍ സിംഗ്‌ മലബാറി ഗുസ്‌തിക്കാരനാണെന്ന്‌ പറഞ്ഞ്‌ പരിചയപ്പെടുത്തയപ്പോ കുട്ടികളെല്ലാം വന്ന്‌ കാലുതൊട്ട്‌ വന്ദിച്ചു. ഗുസ്‌തീനോടുള്ള ബഹുമാനം!"

നാരങ്ങാ വെള്ളത്തിന്റെ മധുരം നുണഞ്ഞ്‌ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സുന്ദരേട്ടന്‍ ചോദിച്ചു.
"ങ്ങ്‌ക്ക്‌ ഗാട്ടാ (മണ്ണില്‍ പിടിക്കുന്ന) ഗുസ്‌തി നേരിട്ട്‌ കാണണമെന്ന്‌ ആഗ്രഹമുണ്ടോ? ണ്ടെങ്കീ ഒരു വഴീണ്ട്‌."

വഴി വളരെ എളുപ്പമുള്ളതായിരുന്നു.
"മ്മക്ക്‌ ഡല്‍ഹീപ്പോകാം...."