Tuesday 14 September, 2010

2003 ലെ ഒരു പഴയ സ്റ്റോക്ക്‌





കോഴിക്കോടിന്റെ ഫയല്‍വാന്‍മാര്‍


ചുവന്ന പൊടിമണ്ണ തരിയില്ലാതെ കുഴച്ചെടുക്കണം! മേമ്പൊടിയായി എണ്ണയും നെയ്യും പച്ചമരുന്നുകളും കുങ്കുമവും ചേര്‍ക്കാം. ഉപ്പ്‌ പയറ്റിയ നിലത്താണ്‌ വിശിഷ്ടമിശ്രിതം വിരിക്കുന്നത്‌. ഇത്രയും തയ്യാറായാല്‍ പിന്നെ ഗ്രാമം കാതോര്‍ക്കുകയാണ്‌ ആരവങ്ങള്‍ക്കായി.

ഗ്രാമത്തിന്റെ ആ നെഞ്ചിടിപ്പിക്കുന്ന ആകാംക്ഷയിലേക്കും കാതടക്കങ്ങളിലേക്കുമാണ്‌ നാട്ടുപ്രമാണിമാരുടെ അകമ്പടിയോടെ അവര്‍ വരുന്നത്‌.
ഉറച്ച കൈപ്പലകകള്‍ നേര്‍രേഖയില്‍ വീശി, നെഞ്ചളവിന്റെ വിശാലതയില്‍ തോട്ടുവക്കില്‍ നനഞ്ഞുനില്‍ക്കുന്ന പെണ്ണിനെ നാണിപ്പിച്ചുകൊണ്ട്‌ ഫയല്‍വാന്‍.

പിന്നെ നാട്ടുകൂട്ടങ്ങള്‍ക്ക്‌ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്ത പരസ്യവും രഹസ്യവുമായ വാശികള്‍ക്ക്‌ ഗോദയില്‍ തീര്‍പ്പാണ്‌ . ആവേശം അണപൊട്ടിയൊഴുകും. കൈക്കരുത്തിന്റെയും തന്ത്രങ്ങളുടെയും പിന്‍ബലത്തില്‍ എതിരാളിയെ മലര്‍ത്തണം. വിയര്‍പ്പും പൊടിമണ്ണും വാശിയും കരുത്തും ഒന്നാകുമ്പോള്‍ മല്ലന്മാര്‍ക്കൊപ്പം ചുറ്റും കൂടിനില്‌ക്കുന്നവരും ചുവന്നുവരും.
ഒടുവില്‍ ഗോദയില്‍ നിന്ന്‌ നാട്ടുകാരുടെ ചുമലിലേറി ഒരാള്‍മാത്രം പുറത്തുവരും. ഒരാള്‍ മാത്രം. അടുത്ത അവസരത്തിനായി എണ്ണം കുറിച്ചിട്ട്‌ അപരന്‍ പിന്മാറും.നിശബ്ദനായി.
അതൊരു കാലം!

പിന്നെപ്പിന്നെ കേരളത്തിന്റെം സാമൂഹ്യഭൂപടത്തില്‍ നിന്ന്‌ പൊടിമണ്ണിന്റെ ഗോദയും ഫയല്‍വാന്മാരും അപ്രത്യക്ഷരായി.. പുതിയ തലമുറയ്‌ക്ക്‌ മുന്നില്‍ " ഒരിടത്തൊരു ഫയല്‍വാന്‍" എന്ന സിനിമയിലൂടെ ചലച്ചിത്രകാരന്‍
പത്മരാജന്‍ വരച്ചിട്ട ചിത്രങ്ങള്‍ മാത്രം. "നിന്റെ മുത്തച്ഛനൊരു ഫയല്‍വാനായിരുന്നു" എന്ന്‌ പറയാന്‍ കഥകളില മുത്തശ്ശിമാര്‍ മാത്രം.
കേബില്‍ ടിവിയിലെ WWF നാടകങ്ങള്‍ കണ്ട്‌ വാ പൊളിക്കുന്ന കുഞ്ഞുങ്ങള്‍ക്കറിയില്ല സ്വന്തം നാട്ടിലെ അരയാലിന്റെ ചുവട്ടില്‍ റീ ടെയ്‌ക്കിന്റെ സാങ്കേതിക സൗകര്യമില്ലാതെ മല്ലന്മാര്‍ പോരടിച്ച കഥകള്‍. കാലത്തിനൊപ്പം ആ ഫയല്‍വാന്മാരും അപ്രത്യക്ഷരായിരിക്കുന്നു.

ദാസന്‍ ആശാനും കോഴിക്കോട്‌ ജിംനേഷ്യവും

കോഴിക്കോടിന്റെ ഫയല്‍വാന്മാരിലെ അവസാനകണ്ണികളെ തേടിയുള്ള ഏത്‌ യാത്രയും അവസാനിക്കുന്നത്‌ ദാസന്‍ ആശാനിലാണ്‌.കരുത്തുറ്റ ഭൂതകാലത്തിന്റെ ആവേശം കണ്ണുകളില്‍ പോരടിക്കുന്ന ഈ വൃദ്ധന്റെ ശിഷ്യന്മാരാണ്‌ ഒരു നഗരത്തിന്റെ പൗരുഷപ്രതാപവുമായി കേരളത്തിലങ്ങോളമിങ്ങോളം എ്ണ്ണമറ്റ ഗോദകളെ ഹരം പിടിപ്പിച്ചിരുന്നത്‌.

ഇന്ത്യക്ക്‌ സ്വാതന്ത്യം ലഭിക്കുന്നതിന്‌ മുന്‍പുള്ള കാലം.കരിവണ്ടികള്‍ കൂകിയാര്‍ത്തിരുന്ന കോഴിക്കോട്‌ നാലാംഗെയിറ്റി
ന്‌ സമീപം നഗരത്തിലെ ആദ്യത്തെ ജിംനേഷ്യം പ്രവര്‍ത്തനമാരംഭിച്ചു.
അരനൂറ്റാണ്ടിനിപ്പുറം കോഴിക്കോട്‌ ജിംനേഷ്യത്തിന്റെ ജരാനരകള്‍ ബാധിച്ച പഴയ ഇരുമ്പ്‌ ഗെയിറ്റ്‌ തുറന്ന്‌ ചന്ദനത്തിരിയും കര്‍പ്പൂരവും മണക്കുന്ന പവിത്രതയിലേക്ക്‌ കാലെടുത്ത്‌ വെക്കുമ്പോള്‍ ദാസന്‍ ആശാന്‍ നിവര്‍ന്നിരിക്കുന്നു.

തന്റെ കാലത്ത്‌ ഗുസ്‌തിക്ക്‌ ലഭിച്ച പരിഗണനയ്‌ക്ക്‌ കാരണം അന്ന്‌ ഗുസ്‌തിയുടെ കേരളകോച്ചായിരുന്ന തിരുവനന്തപുരത്തുകാരന്‍ സുകുമാരന്‍ നായരാണെന്ന്‌ ദാസേട്ടന്‍.
കോഴിക്കോടിന്റെ ഗുസ്‌തിയെ പുഷ്ടിപ്പെടുത്താനായി നാടും വീടും വിട്ട്‌ അലഞ്ഞിരുന്ന ആ നല്ല മനുഷ്യന്റെ ഓര്‍മ്മകള്‍ പൂജാമുറിയിലെ ഒരു പഴയ ഫോട്ടോയിലാണ്‌ ദാസേട്ടന്‍ സൂക്ഷിച്ചിരിക്കുന്നത്‌.
പണ്ട്‌ കോഴിക്കോടിന്റെ ഓരോ മാമ്പഴക്കാലവും ഗുസ്‌തിയുടെ മധുരംകൂടി കാത്തുവെച്ചിരുന്നുവത്രേ. മാങ്ങ വാങ്ങാന്‍ വടക്കേ ഇന്ത്യയില്‍ നിന്നെത്തുന്ന മൊത്തക്കച്ചവടക്കാര്‍ ബീച്ച്‌ റോഡിലും വണ്ടിപ്പേട്ടയിലും മണ്ണ കുഴച്ച്‌ ഗോദയുണ്ടാക്കും. പിന്നെ പണം വെച്ച്‌ ഗുസ്‌തിപിടുത്തമാണ്‌.
അതൊക്കെ ഒരു കാലം.
ഇന്ത്യന്‍ ഗുസ്‌തി
യുടെ നാഷണല്‍ റഫറിയായിരുന്ന ദാസേട്ടന്‍ കോഴിക്കോട്ടെ എട്ട്‌ സ്‌പോര്‍ട്‌സ്‌ അസോസിയേഷനുകളുടെ ഭാരവാഹിയായിരുന്നു. പിന്നെ എല്ലാരംഗത്തുമെന്നപോലെ സ്‌പോര്‍ട്‌സിലും രാഷ്ട്രീയം കലര്‍ന്നതോടെ ദസേട്ടന്‍ രംഗം വിട്ടു. ഇപ്പോള്‍ ഹനുമാന്‍ സേവയും ആധ്യാത്മകതയുമായി ജിംനേഷ്യത്തിന്റെ മരബഞ്ചില്‍.

മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മഴ ആര്‍ത്തുപെയുന്ന ഒരു പുലര്‍കാലത്താണ്‌ ജിംനേഷ്യത്തിന്റെ മേല്‍ക്കൂര നടുവൊടിഞ്ഞ്‌ വീണത്‌.ഭാഗ്യത്തിന്‌ കുട്ടികളൊന്നും എത്തിത്തുടങ്ങിയിരുന്നില്ല. ഇന്നിപ്പോള്‍ പിഞ്ഞിത്തുടങ്ങിയ നീല ടാര്‍പോളിന്റെ പുതപ്പണിഞ്ഞ്‌ ജിംനേഷ്യം.
"പലരും സഹായിക്കാമെന്നൊക്കെ പറഞ്ഞിരുന്നു. ഇനിയിപ്പോ പ്രതീക്ഷകളൊന്നുമില്ല." ദാസേട്ടന്‍ നെടുവീര്‍പ്പിട്ടു. ഈ ബാക്കി ഗുസ്‌തി ചരിത്രമൊക്കെ തന്റെ ശിഷ്യന്‍മാര്‍ പറഞ്ഞുതരുമെന്ന്‌്‌ ദാസേട്ടന്‍. ക്ലാസുകള്‍ തുടങ്ങാനായിരിക്കുന്നു.
ശരീരമുറപ്പിക്കാനെത്തുന്ന പുതുതലമുറക്കാര്‍ ആദരവോടെ വണങ്ങി അകത്തുകയറുന്നു. ഇങ്ങനെ വന്നുചേര്‍ന്നവര്‍ എത്ര തലമുറകള്‍....
ദാസേട്ടന്‍ കാത്തിരിക്കുകയാണ്‌ ഇനിയും വരാനുള്ളവര്‍ക്കായി.

ആദ്യത്തെ മിസ്റ്റര്‍ കേരള

ജീവിതത്തിന്റെ ഗോദയില്‍ തോറ്റ മുഖങ്ങളെതേടി, കോവൂരിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. കോഴിക്കോട്‌ മെഡിക്കല്‍ കോളെജിനടുത്ത്‌ കോവൂരിലെ വരണ്ട കുന്നിന്‍മുകളിലെത്താന്‍ മെറ്റലിളകിയ റോഡുമായി അല്‌പം ഗുസ്‌തിപിടിക്കേണ്ടിവന്നു. ജില്ലാ ഗുസ്‌തി അസോസിയേഷന്‍ സെക്രട്ടറി പി ടി സുന്ദരനാണ്‌ വഴികാട്ടി.
മണ്‍നിറമുള്ള വീടിനകത്തുനിന്ന്‌ ഇറങ്ങിവന്ന, ലുങ്കിമാത്രമുടുത്ത മനുഷ്യനെ കണ്ണെടുക്കാതെ നോക്കി. പ്രായം 50 കഴിഞ്ഞെങ്കിലും വടക്കന്‍ പാട്ടുകളിലെ ചേകവന്മാരുടെ അംഗവര്‍ണ്ണനകള്‍ ഒട്ടും അധികമാവില്ല.
"ഗുസ്‌തി മാത്രമല്ല, ആളൊരു പഴയ മിസ്റ്റര്‍ കേരള കൂടിയാ" സുന്ദരന്‍ പറഞ്ഞു.
സംസാരിച്ച്‌ തുടങ്ങിയപ്പോള്‍ ഗുസ്‌തിക്കാര്‍ക്ക്‌ നിര്‍ബന്ധമില്ലാത്ത ആ ശരീരവടിവുകള്‍ക്ക്‌ പിന്നിലെ വര്‍ഷങ്ങള്‍ നീണ്ട സാധനയുടെ കഥകള്‍ പുറത്തുവന്നു.
കോവൂരിലെ കല്ലുചെത്ത്‌ തൊഴിലാളിയായിരുന്ന കുഞ്ഞാലുവിന്റെ രണ്ട്‌ ആണ്‍മക്കള്‍ക്കും ചെറുപ്പത്തില്‍തന്നെ ചെങ്കല്ലിന്‌ ആകാരവടിവ്‌ കല്‌പിച്ച്‌ നല്‌കുന്നഅച്ഛന്റെ തൊഴിലിനോട്‌ താല്‌പര്യക്കുറവ്‌. പകരം ശ്രദ്ധ സ്വന്തം ശരീരമിനുപ്പുകളില്‍.
ചേട്ടന്‍ പി കെ ബാപ്പുട്ടി അന്നുതന്നെ ഭാരദ്വേഹനത്തില്‍ ആകൃഷ്ടനായി ആ വഴിക്കുതിരിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ ആദ്യത്തെ ഇ എം എസ്‌ മന്ത്രിസഭയുടെ കാലത്ത്‌ സംസ്ഥാനഗുസ്‌തി ചാമ്പ്യനായി. ഗവര്‍ണര്‍ രാമകൃഷ്‌ണ റാവുവിന്റെ കൈയില്‍ നിന്ന കപ്പ്‌ വാങ്ങിയ ധീരന്‌ നാട്ടില്‍ വീരോചിത വരവേല്‍പ്‌.
ഏട്ടന്റെ വീരകഥകള്‍ കേട്ട്‌ അനിയന്‌ നിലയ്‌ക്കാത്ത ആവേശം. പക്ഷേ ജീവനില്ലാത്ത ഭാരങ്ങള്‍ എടുത്തുപൊക്കുന്നതിലും വലിയ ത്രില്‍ ഗുസ്‌തിക്കളത്തിലെ മല്ലന്മാരെ എടുത്തെറിയുന്നതിലാണെന്ന തിരിച്ചറിവ്‌ ഗോദകളില്‍ നിന്ന്‌ ഗോദകളിലേക്ക്‌ നയിച്ചു.
"ഗുസ്‌തീന്റെ അതേ ശ്രദ്ധ ഞാന്‌ ബോഡി ബില്‍ഡിഗിലും കൊടുത്തൂ. ഗുസ്‌തി അപ്പോഴത്തെ ആവേശേ ഉള്ളൂ. ജീവിതത്തില്‍ എന്തെങ്കിലും ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ അത്‌ ബോഡി ബില്‍ഡിംഗ്‌ കൊണ്ടാ."

അനുഭവങ്ങള്‍ വാക്കുകളെ സാക്ഷ്യപ്പെടുത്തുന്നു. 1976 ല്‍ മിസ്റ്റര്‍ കേരള പട്ടം. അതേ വര്‍ഷംതന്നെ ഡാര്‍ജിലിംഗില്‍ നടന്ന മിസ്റ്റര്‍ ഹിമാലയ മത്സരത്തില്‍ രണ്ടാം സ്ഥാനം. അങ്ങനെ നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ പ്രമുഖ പത്രത്തില്‍ വാര്‍ത്തവരുന്നു.

മിസ്റ്റര്‍ കേരളയ്‌ക്ക്‌ തൊഴിലില്ല!

വാര്‍ത്തയ്‌ക്കൊപ്പം മിസ്റ്റര്‍ കേരളയെന്ന്‌ ആലേഖനം ചെയ്‌ത റിബണ്‍ ധരിച്ച്‌ നില്‌ക്കുന്ന വേലായുധന്റെ ചിത്രവും.

ഈ വാര്‍ത്ത കണ്ടാണ്‌ അന്ന്‌ സംസ്ഥാന മന്ത്രിയായിരുന്ന എ എല്‍ ജേക്കബ്‌ തിരുവനന്തപുരത്തേക്ക്‌ വിളിപ്പിക്കുന്നത്‌.
അന്ന്‌ പി എന്‍ ടിയിലോ എസ്‌ ആര്‍ പിയിലോ ജോലിക്ക്‌ ചേര്‍ന്നോളാന്‍ പറഞ്ഞു. പക്ഷേ സ്‌പോര്‍ട്‌സ്‌ ക്വാട്ടയില്ല നിയമനം. ജോലിക്ക്‌ ചേര്‍ന്നാല്‍ പിന്നെ ഗുസ്‌തിപിടിച്ച്‌ കറങ്ങിനടക്കാന്‍ കഴിയില്ല. ജോലിക്ക്‌ ചേരാതെ കോഴിക്കോട്ടേയ്‌ക്ക മടങ്ങി.
പിന്നീട്‌ പലപ്പോഴും ജീവിതത്തിന്റെ ഗോദയില്‍ പൊരുതി നില്‍ക്കാന്‍ പാടുപെട്ടപ്പോഴൊക്കെ ഈ തീരുമാനത്തെ പഴിച്ചിട്ടുണ്ട്‌ വേലായുധന്‍.

പത്രത്തില്‍ നിന്ന്‌ വെട്ടിയെടുത്ത്‌ ചുമരില്‍ ചില്ലി്‌ട്ടടച്ച പഴയ ചിത്രത്തില്‍ മസിലുകളുടെ പെരുമഴയുമായി പി കെ വേലായുധന്‍ എന്ന ചെറുപ്പക്കാരന്‍.

ജിംനേഷ്യത്തില്‍ പോകണമെന്ന്‌ ഏകമകന്‍ വാശിപിടിച്ചപ്പോള്‍ വേണ്ടെന്ന്‌ തറപ്പിച്ച്‌ പറയാന്‍ ജീവിത അനുഭവപാഠങ്ങള്‍ ഈ പഴയ ഫയല്‍മാനെ പഠിപ്പിച്ചിരിക്കുന്നു.

നിങ്ങള്‍ക്ക്‌ ഏട്ടനെ കാണേണ്ടെ? താഴെയാണ്‌ വീട്‌, ആള്‍ സുഖമില്ലാതെ കിടക്കുകയാണ്‌. ഉരുളന്‍ കല്ലുകള്‍ ഫയല്‍വാന്‍മാരെ പോലെ തലയുയര്‍ത്തി നില്‌ക്കുന്ന ഇടവഴിയിലേക്ക്‌ ഇറങ്ങിനടക്കുമ്പോള്‍ വേലായുധന്‍ പെട്ടെന്ന്‌ വഴിതടയുന്നു.
"അനങ്ങാതെ
നില്‌ക്കീ ഞാനിതാ വരുന്നു."
പറമ്പിലേക്ക്‌ ചാടിക്കയറി കല്ലുകള്‍ പെറുക്കിയെടുത്ത്‌ തുരുതുരാ ഏറാണ്‌. മണ്ണില്‍ പുതഞ്ഞ്‌ കിടന്ന കുറുക്കന്‍ കൂട്ടം ഓടിമറഞ്ഞു.
ശ്ര്‌ദ്ധച്ചില്ലെങ്കീ പഹയന്‍മാര്‍ കു്‌ട്ടികളെ കടിച്ചുകുടയും.
ചെറിയ ഇറക്കം കഴിഞ്ഞ്‌ പഴമ മണക്കുന്ന വീടിന്റെ ഉമ്മറത്തേക്ക്‌ കയറി. അകത്തേക്ക്‌ വീടിനകത്തുനിന്നൊരു സ്‌ത്രീ ശബ്ദം ക്ഷണിച്ചു.
കട്ടിലില്‍ അസ്ഥിപഞ്ചരമായ ഒരു പകുതി ശരീരം. അടുത്തുവെച്ചിരിക്കുന്ന റേഡിയോയില്‍ നിന്ന്‌ പഴയ സിനിമാഗാനത്തിന്റെ ദുഖ സാന്ദ്രമായ ഈണം.
പ്രമേഹം കൂടിയപ്പോ രണ്ട്‌ കാലും മുറിച്ചു.

പ്രയാസപ്പെട്ട്‌ എണീക്കാനുള്ള ശ്രമം. ചുമലില്‍ താങ്ങുനല്‌കിയപ്പോള്‍ ഓര്‍ത്തത്‌ തൂവല്‍പോലെ ശോഷിച്ച ഈ ശരീരമാണല്ലോ കനത്ത ഉരുക്കുവളയങ്ങളെ ആകാശത്തേക്കുയര്‍ത്തി ഗവര്‍ണറില്‍ നിന്ന്‌ കീര്‍ത്തിമുദ്രകള്‍ നേടിയത്‌ എന്നായിരുന്നു.
പഴയ വീരചരിതത്തിന്‌ ഇപ്പോള്‍ തെളിവുകളൊന്നും അവശേഷിക്കുന്നില്ല.
"ഞങ്ങള്‍ പെരുമ്പാവൂരായിരുന്നപ്പോ കുറക്കാലം വീടു പൂട്ടിയിട്ടിരിക്കുയായിരുന്നു. തിരിച്ചുവന്നപ്പോഴേക്കും എല്ലാം ചെതലെടുത്തു. ഗവര്‍ണര്‍ തന്ന സര്‍ട്ടിഫിക്കറ്റ്‌, കാലിക്കറ്റ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ 1962ല്‍ തന്ന സര്‍ട്ടിഫിക്കറ്റ്‌, കലക്ടറായിരുന്ന ആര്‍ ഗോപാലസ്വാമിയോടൊത്ത്‌ നിന്ന എടുത്ത ഫോട്ടോ എല്ലാം നശിച്ചുപോയി. ' നഷടങ്ങള്‍ക്കെപ്പോഴും കണ്ണീരിന്റെ നനവാണ്‌.
സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ ഒരു സഹായത്തിന്‌ അപേക്ഷിക്കാന്‍ കൂടി വയ്യ." ശബ്ദം കൂടുതല്‍ ക്ഷീണിച്ചുവരുന്നു.
യാത്രപറഞ്ഞ കുന്നിറങ്ങുമ്പോള്‍ ഞങ്ങളും തളര്‍ന്നിരുന്നു.
കൈത്തണ്ടയുടെ കരുത്തില്‍ കാലത്തെ വിറപ്പിച്ചിരുന്ന രണ്ടുപേര്‍ ഇവിടെ ഈ കുറുക്കന്‍മാര്‍ ഇരതേടുന്ന കുന്നിന്‍മുകളില്‍, ഭാവിയെക്കുറിച്ച്‌ സ്വപ്‌നങ്ങളൊന്നുമില്ലാതെ അങ്ങനെ അങ്ങനെ....
പൊറ്റമ്മല്‍ വല്‍സന്‍
ഒരിടത്ത്‌ ഒരിടത്തുള്ള മറ്റൊരു ഫയല്‍വാനെ തേടിയിറങ്ങുകയായിരുന്നു പിന്നെ.
പൊറ്റമ്മല്‍ അങ്ങാടിലേക്കുള്ള ഇറക്കമിറങ്ങിച്ചെല്ലുന്നിടത്താണ്‌ വല്‍സേട്ടന്റെ ബേക്കറി. കട പെയിന്റടിച്ച്‌ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി മധുരപലഹാരങ്ങളൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. കാലിയായ കട നിറഞ്ഞ്‌ വല്‍സേട്ടനിരിക്കുന്നു.

അപ്പോള്‍ ഇതാണ്‌ പൊറ്റമ്മല്‍ വല്‍സന്‍. ഒരിടത്തൊരു ഫയല്‍വാനിലെ നായകന്‍ റഷീദിനെ യഥാര്‍ത്ഥ ഗോദയില്‍ മലര്‍ത്തിയവന്‍
പഴയ ഗുസ്‌തിക്കാരെയൊക്കെ അന്വേഷിച്ച്‌ പത്രത്തീന്ന്‌ ആളു വര്വേ? വല്‍സേട്ടന്‌ അദ്‌ഭുതം.
മുന്‍നിരയിലെ പല്ലുകളില്‍ രണ്ടെണ്ണം കുറവ്‌.
പി കെ വേലായുധനുമായി പണ്ട്‌ പിടിച്ചപ്പോള്‍ മൂപ്പര്‌ തലോണ്ട്‌ കുത്തിയതാ" ഉറക്കെയുള്ള ചിരി അകമ്പടിയായെത്തുന്നു.

"മനക്കരുത്തും ശ്രദ്ധയുമാണ്‌ പ്രധാനം. എതിരാളികളുടെ വേഗത ഉപയോഗിച്ച്‌ അവനെത്തന്നെ മലര്‍ത്തണം. അതാണ്‌ തന്ത്രം. അതില്‍ ജയിക്കുന്നവര്‍ വിജയി.
പണ്ട്‌ മകള്‍ക്ക്‌ സുഖമില്ലാതെ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ മുങ്ങി ഞാനൊരു ഗുസ്‌തിക്ക്‌ പോയി. മനസ്സില്ലാത്തിടത്ത്‌ ജയമില്ല എന്ന്‌ അന്ന്‌ മനസ്സിലായി."

സിനിമയിലെ ഗുസ്‌തിക്കാരെന ജീവിതത്തില്‍ തറപറ്റിച്ച കഥ? ആകാക്ഷ അടക്കാനാവുന്നില്ല.
"റഷീദ്‌ തിരുവനന്തപുരത്തുകാരനാ. ഒരിക്കല്‍ ഞാനവിടെ പോയി റഷീദുമായി പിടിച്ചു. അ്‌ന്ന്‌ മൂപ്പര്‌ എന്നെ എടുത്തടിച്ചു. എണ്ണം വെച്ച്‌ കാത്തിരുന്നു. കോട്ടയത്ത്‌ വെച്ചാണ്‌ പിന്നീട്‌ നേര്‍ക്കുനേര്‍ കാണുന്നത്‌. അന്ന്‌ എന്റെ ദെവസം. റഷീദ്‌ പതറിപ്പോയി."

ആ സിനിമ കണ്ടിരുന്നോ?
"സാധാരണ സിനിമയ്‌ക്ക്‌ പോകാത്തതാ എന്നാലും മുഴുവന്‍ കണ്ടില്ല. ഗുസ്‌തീന്റെ ഭാഗങ്ങളൊക്കെ നല്ലോണം കണ്ടു.
ഗോദയില്‍ നിന്നേറ്റ്‌ പരുക്കുകളുടെ മുദ്ര വല്‍സേട്ടന്റെ വലതുകൈ മസിലില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്നു. ഇതും ഫയല്‍വാന്‌ കിട്ടുന്ന സമ്മാനാ."
വീണ്ടും അതേ പഴയ ചിരി.
ഈ മുദ്രകളല്ലാതെ ജീവിതം എന്താണ്‌ ബാക്കി വെച്ചിട്ടുള്ളത്‌?

വിദ്യേട്ടന്‍. ഓര്‌ ഫയല്‍വാനാ?

ഓര്‍മ്മകളില്‍ പരതി സുന്ദരേട്ടന്‍ പിന്നെ ലിസ്റ്റ്‌ ചെയ്യുന്നത്‌ പി ടി വിദ്യാധരനെയാണ്‌.
കോഴിക്കോട്‌ ക്രിസ്‌ത്യന്‍ കോളെജിന്‌ സമീപത്ത്‌ പോയി ഗുസ്‌തിക്കാരന്‍ പി ടി വിദ്യാധരെനെ അന്വേഷിച്ചാല്‍ കാലം പോലും ചിലപ്പോള്‍ കൈമലര്‍ത്തും.

ഓയില്‍ കട നടത്തുന്ന മര്‍ച്ചന്റ്‌ നേവിയിലായിരുന്ന വിദ്യാധരന്‍?

"ഓ നമ്മളെ വിദ്യേട്ടന്‍. ഓര്‌ ഫയല്‍വാനാ?" കണ്ണുകളില്‍ അദ്‌ഭുതം.
എഞ്ചിനോയിലിന്റെ ടിന്നുകളും സിഗരറ്റ്‌ കൂടുകളും നിരത്തിവെച്ച കൗണ്ടറില്‍ പി ടി വിദ്യാധരന്‍ എന്ന പഴയ. സംസ്ഥാന ചാമ്പ്യന്‍.
തലശ്ശേരി മലയാളത്തിലുള്ള അനുഭവങ്ങളുടെ ഒഴുക്കിനെ സിഗരറ്റിനും ബീഡിക്കുമായി ഇടയ്‌ക്കിടക്ക്‌ കടയിലെത്തുന്ന കസറ്റമേഴ്‌സ്‌ തടസ്സപ്പെടുത്തുന്നു.
ധര്‍മ്മടത്തിനടുത്തുള്ള എടക്കാട്‌ നിന്നാണ്‌ ചെറുപ്രായത്തില്‍ തന്നെ വിദ്യാധരന്‍ കുടുംബത്തോടൊപ്പം കോഴിക്കോടെത്തിയത്‌. അക്കാലത്ത്‌ ശരീരത്തില്‍ താല്‌പര്യമുള്ള എല്ലാവരെയും പോലെ ബാല്യം ദാസനാശ്ശാന്റെ ജിമ്മില്‍ . സുകുമാരന്‍ നായരായിരുന്നു ഗുരു. 1966 - 67 വര്‍ഷങ്ങളില്‍ സ്‌ംസ്ഥാന ചാമ്പ്യനായിരുന്നു പി ടി വിദ്യാധരന്‍. 67 ല്‍ നടന്ന്‌ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു. പക്ഷേ നാടുകാണാനുള്ള അടങ്ങാത്ത ആഗ്രഹം മര്‍ച്ചന്റ്‌ നേവിയിലാണ്‌ എത്തിച്ചത്‌. ഇപ്പോള്‍ ലോകം ഈ കടയില്‍.
"ഗുസ്‌തിയുമായി നടന്നിരുന്നെങ്കില്‍ വഴിയാധാരമായേനെ...."

"കപ്പലില്‍ വെച്ച്‌ ഗ്രീക്കുകാര്‍ വന്ന്‌ ചോദിക്കും റ്‌സ്‌്‌ലര്‍ ആണോ എന്ന്‌. ശരീരഘടന കണ്ട്‌ അവര്‍ എളുപ്പം തിരിച്ചറിയും. ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കുമ്പോഴും അവര്‍ക്കറിയാം. കൈകൊടുക്കുമ്പോള്‍ കൈ മാത്രമല്ല മനസ്സും അറിയണം." വിദ്യേട്ടന്‍ കൈപിടിച്ച്‌ കുലുക്കി ചിരിക്കുന്നു. അരനൂറ്റാണ്ടിലധികം പഴക്കമുള്ള കൈകള്‍ക്ക്‌ ഇപ്പോഴും ഇരുമ്പിന്റെ കരുത്ത്‌. കൈ ഉഴിഞ്ഞ്‌ പുറത്തേക്ക്‌ നടക്കുമ്പോള്‍ കരുതി ജിംനേഷ്യത്തില്‍ ചേരണം.

എടക്കാട്‌ ബാലകൃഷ്‌ണന്‍.

ഇനി യാത്ര എ കെ ബാലകൃഷ്‌ണനെ തേടിയാണ്‌. പഴയൊരു സര്‍ക്കസ്സുകാരനും നാ്‌ട്ടിലെ അറിയപ്പെടുന്ന ജിനാസ്റ്റുമൊക്കെയായി പേരെടുത്ത ആളാണ്‌ എടക്കാട്‌ ബാലകൃഷ്‌ണന്‍.
ഇന്നത്തെ ഒറ്റ്‌ റിംഗ്‌ സര്‍ക്കസിന്റെ വല്യേട്ടനായിരുന്ന കമലാ ത്രീ റിംഗ്‌ സര്‍ക്കസിലൂടെയായിരുന്നു തുടക്കം.
അമ്മയുടെ മരണമാണ്‌ 14 ാം വയസ്സില്‍ സര്‍ക്കസിലെത്തിക്കുന്നത്‌. മൂന്ന്‌ വര്‍ഷത്തെ കടുത്തപരീശീലനത്തിന്‌ ശേഷം റിംഗിലിറങ്ങി. ബാലകൃഷ്‌ണ്‍ പറഞ്ഞുതുടങ്ങി.
സര്‍ക്കസ്‌ വിട്ടതിന്‌ ശേഷമാണ്‌ സുകുമാരന്‍ നായരുടെ കീഴില്‍ ഗുസ്‌തി പരീശീലനം.

"അന്നൊക്കെ ഏത്‌ എക്‌സിബിഷനും ഗുസ്‌തിയും ജിംനാസ്റ്റിക്കുമൊക്കെയാണ്‌ സൈഡ്‌ പരിപാടി. ഇന്നത്‌ ഗാനമേളയും മിമിക്‌സുമല്ലേ... ശരിയായ പരിശീലനത്തിന്റെ കാലവും പോയി. ഇപ്പോള്‍ മള്‍ട്ടി ജി്‌മ്മില്‍ പോയി എന്തെങ്കിലും കാട്ടിക്കൂട്ടണം. അത്രയേ ഉള്ളൂ ആളുകള്‍ക്ക്‌ " ബാലകൃഷ്‌ണേട്ടന്‌ രോഷം അടക്കാനാകുന്നില്ല.


അര്‍ജുന അവാര്‍ഡ്‌ ജേതാവായ ബിശ്വംഭര്‍ സിംഗിന്റെ ഡല്‍ഹിയിലെ കളരിയില്‍ പോയപ്പോഴാണ്‌ കണ്ണുതള്ളിയത്‌...
"ഒരേക്കര്‍ സ്ഥലത്താണ്‌ ഗുസ്‌തി പാഠശാല. എട്ടുവയസ്സുമുതല്‍ കുട്ടികള്‍ അവിടെ താമസിച്ച്‌ പഠിക്കും. എണ്ണ തേച്ചുള്ള മസാജ്‌, ഹനുമാന്റെ അമ്പലത്തിലെ പൂജ, പശുവിനെക്കറന്ന്‌ ബദാം അരച്ച്‌ ചേര്‍ത്ത പാല്‌ തയ്യാറാക്കല്‍, ഗോദയിലെ മണ്ണ്‌ കിളയ്‌ക്കല്‍, എല്ലാം കുട്ടികള്‍തന്നെ ചെയ്യും. ഇവടെ ആണെങ്കീ ഒരു കസേര പടിച്ചിടാന്‍ പറഞ്ഞാ പിന്നെ ആ ചെറുക്കനെ പിന്നെ കാണൂല..."
"ബിശ്വംഭര്‍ സിംഗ്‌ മലബാറി ഗുസ്‌തിക്കാരനാണെന്ന്‌ പറഞ്ഞ്‌ പരിചയപ്പെടുത്തയപ്പോ കുട്ടികളെല്ലാം വന്ന്‌ കാലുതൊട്ട്‌ വന്ദിച്ചു. ഗുസ്‌തീനോടുള്ള ബഹുമാനം!"

നാരങ്ങാ വെള്ളത്തിന്റെ മധുരം നുണഞ്ഞ്‌ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സുന്ദരേട്ടന്‍ ചോദിച്ചു.
"ങ്ങ്‌ക്ക്‌ ഗാട്ടാ (മണ്ണില്‍ പിടിക്കുന്ന) ഗുസ്‌തി നേരിട്ട്‌ കാണണമെന്ന്‌ ആഗ്രഹമുണ്ടോ? ണ്ടെങ്കീ ഒരു വഴീണ്ട്‌."

വഴി വളരെ എളുപ്പമുള്ളതായിരുന്നു.
"മ്മക്ക്‌ ഡല്‍ഹീപ്പോകാം...."


1 comment:

p ram said...

വര്‍ത്തമാനം ആഴ്‌ചപ്പതിപ്പിന്റെ ആദ്യ സണ്‍ഡെ സപ്ലിമെന്റിലെ കവര്‍‌സ്റ്റോറി. കന്നിഅച്ചടിക്ക്‌ കോഴിക്കോടിന്റെ മണമുള്ള സ്‌റ്റോറിതപ്പിയിറങ്ങിയപ്പോള്‍ കഥ എവിടെയെത്തും എന്നറിയില്ലായിരുന്നു. അസി. എഡിറ്റര്‍ രവിയേട്ടന്‍ (രവി മേനോന്‍) പരിചയപ്പെടുത്തിതന്നെ പി ടി സുന്ദരന്‍ എന്ന ഗുസ്‌തി അസോസിയേഷന്‍ ഭാരവാഹിയെ കണ്ടെത്തിയതോടെ കാര്യങ്ങള്‍ നീങ്ങിത്തുടങ്ങി .
പൊറ്റമ്മല്‍ വല്‍സന്‍ ഇന്ന്‌ ജീവിച്ചിരിപ്പില്ല. ബാക്കിയുള്ളവരെക്കുറിച്ച്‌ ഒരിടത്തൊരു ഫയല്‍വാന്‍, മുത്താരം കുന്ന്‌ പി ഒ എന്നീ സിനിമകള്‍ ടി വിയില്‍ കാണുമ്പോള്‍ ഓര്‍ക്കും...